Credit Card : ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ; അമിത പലിശ ഒഴിവാക്കാം

Published : Jun 23, 2022, 09:58 AM IST
Credit Card : ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ; അമിത പലിശ ഒഴിവാക്കാം

Synopsis

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അമിത പലിശ വരുന്നുണ്ടോ? ഈ 3 തെറ്റുകൾ വരുത്താതിരിക്കൂ. ഒപ്പം സിബിൽ സ്കോർ ഉയർത്തൂ. 

ന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. പണപ്പെരുപ്പത്തിന് നടുവിൽ ശ്വാസം മുട്ടുന്ന സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡ് ആശ്വാസകരമാണ്. ആദ്യം ആവശ്യം നടക്കട്ടെ പണം പിനീട് നൽകിയാൽ മതി എന്നുള്ളത് തന്നെയാണ് ക്രെഡിറ്റ് കാർഡിനെ പ്രിയങ്കരമാക്കുന്നത്. ഓൺലൈനായി പണം നൽകുന്നതിനാണ് ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് പറയുന്നു.  ക്രെഡിറ്റ് കാർഡിന് അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി പാളും. ക്രെഡിറ്റ് കാർഡ് ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതിലൂടെയും തിരിച്ചടവിലൂടെയും ഒരു ഉപയോക്താവിന്റെ സിബിൽ   സ്കോറുകൾ വർധിപ്പിക്കാൻ സഹായിക്കും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് തെറ്റുകൾ വരുത്താതെ നോക്കിയാൽ അമിത പലിശ വരുന്ന തടയാനാകും.

എന്താണ് സിബിൽ സ്കോർ?

വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ സിബിൽ സ്കോർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.  ഇത് ബാങ്കുകളിൽ മാത്രമല്ല, ക്രെഡിറ്റ് കാർഡ് കമ്പനികൾ, മോർട്ട്ഗേജ് ലെൻഡർമാർ, ഓട്ടോ ലെൻഡർമാർ തുടങ്ങിയവയിലും ബാധകമാണ്.  വായ്പാ അഭ്യർത്ഥന അംഗീകരിക്കുന്നതിന് മുമ്പ് വായ്പ നൽകുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ സിബിൽ സ്കോറിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിശകലനം ചെയ്യുന്നു. അതായത് വായ്പ യോഗ്യതയെ വിലയിരുത്തുന്ന സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള മൂന്ന് അക്ക സംഖ്യയാണ് ഇത്. നിങ്ങളുടെ വായ്പകൾ, തിരിച്ചടവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. 

ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കരുത്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഉപയോക്താവിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ പണം ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾ എല്ലാ മാസവും 40,000 രൂപ ചെലവഴിക്കുകയും നിശ്ചിത തീയതിക്ക് മുമ്പ് മുഴുവൻ തുകയും അടയ്‌ക്കുന്നുവെന്നും കരുതുക. ഇത് നല്ലതാണെങ്കിൽ കൂടി നിങ്ങളുടെ കാർഡിന്റെ മൊത്തം പരിധി 50,000 രൂപ ആണെങ്കിൽ, നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ ഏകദേശം 80 ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഇതിനർത്ഥം. ഇത് നിങ്ങളുടെ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. നിങ്ങൾക്ക് കൂടുതൽ പണം  ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താൻ ശ്രമിക്കുക.

പണമായി പിൻവലിക്കരുത്
 
ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിങ്ങളുടെ ചെലവ് വർധിപ്പിക്കും. കാരണം, പിൻവലിച്ച ആദ്യ ദിവസം മുതൽ, നിങ്ങളിൽ നിന്ന് പ്രതിമാസം ഏകദേശം 2.5% - 3.5% പലിശ ഈടാക്കും, അതായത് പ്രതിവർഷം 40% പലിശ. പണം തിരിച്ചടയ്ക്കുന്നതിന് ഏകദേശം 50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുമെങ്കിലും നിശ്ചിത തീയതിക്ക് മുമ്പ് നൽകിയില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിതരണക്കാർ  ലേറ്റ് പേയ്‌മെന്റ് ചാർജും ഈടാക്കും.

ക്രെഡിറ്റ് കാർഡ് ബില്ല്

ക്രെഡിറ്റ് കാർഡ് ബിൽ ലഭിക്കുമ്പോൾ അത് അടയ്ക്കാൻ നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകളുണ്ട്. ഒന്ന് മുഴുവൻ തുകയും അടയ്‌ക്കുക. മറ്റൊന്ന് ഏറ്റവും കുറഞ്ഞ തുക അടയ്ക്കുക. കുറഞ്ഞ തുക എന്നാൽ മൊത്തം കുടിശ്ശിക തുകയുടെ 5% ആണ്. മിനിമം ബിൽ തുക കാണുമ്പോൾ ഉപയോക്താവ് സന്തോഷിച്ചേക്കാം. എന്നാൽ ഏറ്റവും വലിയ അപകടം ഇവിടെയാണ്. കൈയ്യിൽ പണമില്ലെങ്കിൽ പലരും ലേറ്റ് പേയ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നു. എന്നാൽ ഈ കുറഞ്ഞ തുക അടയ്ക്കുന്നതിലൂടെ ബാക്കി തുകയ്ക്ക് പ്രതിവർഷം 40% പലിശ നിങ്ങൾ നൽകേണ്ടി വരും. കൂടാതെ 50 ദിവസത്തെ പലിശ രഹിത കാലയളവിന്റെ ആനുകൂല്യം പോലും നിങ്ങൾക്ക് ലഭിക്കില്ല.
 

PREV
Read more Articles on
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?