15 വ‍ർഷം ആപ്പിളിനെ മുന്നിൽ നിന്ന് നയിച്ചു, സിഇഒ പദവി ഒഴിയാൻ ടിം കുക്ക്; ചർച്ചകളിൽ സമ്പാദ്യവും!

Published : Apr 21, 2026, 03:27 PM IST
tim cook

Synopsis

ഏകദേശം 15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിൾ സിഇഒ ടിം കുക്ക് പദവി ഒഴിയുകയാണ്. സെപ്റ്റംബറിന് ശേഷം അദ്ദേഹം എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആപ്പിളിന്റെ വിപണി മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറിലെത്തി. നിലവിലെ ഹാർഡ്‌വെയർ മേധാവി ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും.

ഏകദേശം 15 വർഷത്തോളം ലോകത്തിലെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിനെ നയിച്ച ശേഷം സി.ഇ.ഒ ടിം കുക്ക് പദവി ഒഴിയുകയാണ്. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുമെന്നാണ് പുതിയ തീരുമാനം. 2011ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിന്മാറിയ സ്റ്റീവ് ജോബ്സിന് പിന്മുറക്കാരനായിട്ടായിരുന്നു ടിം കുക്ക് കമ്പനിയിലേക്ക് എത്തിയത്. അതിനുശേഷം ആപ്പിളിനെ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളിൽ ഒന്നാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.

15 വ‍‍‌ർഷമായി ആപ്പിളിനെ നയിക്കുന്ന ടിം കുക്കിന്റെ ആസ്തി ഏകദേശം 2.9 ബില്യൺ ഡോളറാണെന്നാണ് റിപ്പോ‍‌ർട്ടുകൾ. ആപ്പിൾ കമ്പനിയുടെ മൂല്യം ട്രില്യൺ ഡോളറുകളിൽ എത്തിച്ചത് ടിം കുക്കിന്റെ കാലത്തായിരുന്നു. ആപ്പിൾ ഓഹരികളിൽ തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പത്ത്. 3 മില്യണിൽ കൂടുതൽ ഓഹരികൾ ആണ് ടിം കുക്കിന്റെ കൈവശമുള്ളത്. കമ്പനിയിലെ വിഹിതം 1 ശതമാനത്തിൽ താഴെ മാത്രമാണ്. ഇത് വരെ 1 ബില്യൺ ഡോളറിലധികം ഓഹരികൾ ഇദ്ദേഹം വിറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. കമ്പനി സ്ഥാപിതമായതിൽപ്പിന്നെ മൂന്ന് പതിറ്റാണ്ടോളമായി ടിം കുക്ക് ആപ്പിളിനൊപ്പമുണ്ട്.

1998 ൽ ആണ് ടിം കുക്ക് ആപ്പിളിൽ ചേരുന്നത്. അതിന് മുമ്പ് 12 വർഷം ഐ ബി എമ്മിലും പിന്നീട് കുറച്ചു കാലം കോംപാക്കിലും ജോലി ചെയ്തിരുന്നു. ആപ്പിളിൽ ആദ്യം സപ്ലൈ ചെയിൻ, ഓപ്പറേഷൻസ് മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നു. ടിം കുക്കിന്റെ കാലഘട്ടത്തിലാണ് ആപ്പിളിന്റെ മാർക്കറ്റ് മൂല്യം 350 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 4 ട്രില്യൺ ഡോളർ വരെ എത്തിയത്. 2011ൽ $108 ബില്യൺ ഡോളറിൽ ഉണ്ടായിരുന്ന വരുമാനം 2025ൽ $416 ബില്യണിലധികം നേടി. ലോകമെമ്പാടും 2.5 ബില്യൺ ആപ്പിൾ ഡിവൈസുകൾ നിലവിൽ ഉപയോ​ഗത്തിലുണ്ടെന്നാണ് കണക്ക്.

ആരാണ് പുതിയ സിഇഒ ?

ആപ്പിളിന്റെ അടുത്ത സിഇഒയായി ചുമതലയേൽക്കുന്നത് ജോണ്‍ ടെര്‍ണസ് ആണ്. നിലവിൽ കമ്പനിയുടെ ഹാർഡ്‌വെയർ മേധാവിയായ ജോണ്‍ ടെര്‍ണസ് സെപ്റ്റംബർ 1 മുതൽ പദവി ഏറ്റെടുക്കും. 65 വയസുകാരനായ ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടർന്നുകൊണ്ട് തന്നെ കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് മാർഗനിർദ്ദേശം നൽകും.

PREV
Read more Articles on
click me!

Recommended Stories

കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍; 'പ്ലാന്‍ ബി' റെഡി, എണ്ണക്കടത്തിന് ബദല്‍ പാതകളൊരുങ്ങുന്നു, സൗദിയും യുഎഇയും മുന്നില്‍
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഒഴുകുന്നത് കോടികൾ ! ആരാണ് ആ 'ഇന്‍സൈഡര്‍'? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബിബിസി