Latest Videos

ആദ്യ നിക്ഷേപത്തിന് ഒരുങ്ങുകയാണോ? 2023-ല്‍ ശ്രദ്ധിക്കേണ്ട 8 ഘടകങ്ങള്‍

By Web TeamFirst Published Dec 21, 2022, 5:22 PM IST
Highlights

 പുതുവർഷത്തിൽ ആദ്യ നിക്ഷേപത്തിന് ഒരുങ്ങുകയാണോ? എങ്ങനെ മികച്ച ആദായം ഉണ്ടാക്കാം. നിക്ഷേപകർ ശ്രദ്ധിക്കേണ്ട 8  കാര്യങ്ങൾ അറിഞ്ഞിരിക്കാം 
 

രു വ്യക്തി വരുമാനം ആര്‍ജിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപത്തിനുള്ള ആസൂത്രണവും പണം മിച്ചം പിടിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ജീവിത ലക്ഷ്യങ്ങള്‍ ബുദ്ധിമുട്ട് കൂടാതെ നേടിയെടുക്കാനും സാധിക്കുന്നു. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും സാവകാശവും സൗകര്യവും സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും ലഭിക്കുന്നു. പുതിയൊരു വര്‍ഷത്തിന്റെ പടിവാതിക്കല്‍ നില്‍ക്കെ, ആദ്യമായി നിക്ഷേപ ലോകത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. എമര്‍ജന്‍സി ഫണ്ട്

ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ 6 മാസത്തെ ചെലവിനു തുല്യമായ തുക സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ലിക്വിഡ് മ്യൂച്ചല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലായി സൂക്ഷിക്കുന്നത് മുന്‍കൂട്ടി കാണാനാകാത്ത അടിയന്തര സാഹചര്യങ്ങളില്‍ നേരിടാവുന്ന സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷിക്കും.

2. നേരത്തെ ആരംഭിക്കുക

എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ, അത്രയും ഫലപ്രദമായി ദീര്‍ഘകാലയളവില്‍ സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള സാവകാശവും അവസരവും കരഗതമാകും. എസ്‌ഐപി മുഖേന മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം പരഗണിക്കാവുന്നതാണ്.

3. ക്രമാനുഗത വര്‍ധന

ഓരോ വര്‍ഷവും നിക്ഷേപത്തിനുള്ള തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നത്, സമ്പാദ്യം മെച്ചപ്പെടുത്താനുള്ള സാധ്യതയും വളരെയേറെ ഉയര്‍ത്തും. എസ്‌ഐപി പദ്ധതികളിലെ നിക്ഷേപം 5-10 ശതമാനം വീതം വര്‍ഷവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വേഗത്തില്‍ നേടാനും സഹായിക്കുന്നു.

4. നികുതി ആസൂത്രണം

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലാകും മിക്കവരും നികുതി ലാഭിക്കാനുള്ള വഴികള്‍ തേടുന്നതും ആനുകൂല്യം ലഭിക്കാവുന്ന നിക്ഷേപ പദ്ധതികളില്‍ ചേരുന്നതുമൊക്കെ. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ കൃത്യമായ വിലയിരുത്തലോടെയും ആസൂത്രണത്തോടെയും അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ ചേരുന്നതാണ് പരമാവധി നികുതി ലാഭിക്കാന്‍ ഫലപ്രദം.

5. വികാരവിക്ഷോഭം നിയന്ത്രിക്കുക

മിക്ക നിക്ഷേപകരും ആര്‍ത്തിയും ഭയവും എന്ന വികാരങ്ങളോട് വേഗത്തില്‍ കീഴടങ്ങാറുണ്ട്. ഓഹരി വില കയറുമ്പോള്‍ മേടിക്കുകയും വില ഇടിയുമ്പോള്‍ വിറ്റുമാറാനും ശ്രമിക്കാറാണ് പതിവ്. എന്നാല്‍ വിപണിയുടെ എല്ലാ ഘട്ടങ്ങളേയും അവധാനതയോടെ നേരിടുകയും ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഉചിതം.

6. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം നിക്ഷേപം

5 വര്‍ഷത്തില്‍ താഴെയുള്ള ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ്/ ഹൈബ്രിഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുക. അതേസമയം 5 വര്‍ഷത്തിന് മുകളിലുള്ള കാലയളവിലേക്ക് മികച്ച ഓഹരിയധിഷ്ഠിത ഫണ്ടുകളേയും തെരഞ്ഞെടുക്കുക.

7. വൈവിധ്യവത്കരണം

ഓഹരി, കടപ്പത്രം, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ എല്ലാവിധ ആസ്തികളിലുമായി വികേന്ദ്രീകരിച്ച് നിക്ഷേപം നടത്തുക. ഇതിലൂടെ മൊത്തം നിക്ഷേപത്തിന്റെ റിസ്‌ക് ലഘൂകരിക്കാനും പ്രകടനത്തില്‍ സ്ഥിരത നേടാനും സഹായിക്കും. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിങ്ങനെയുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളും വൈവിധ്യവത്കരണത്തിനായി പരിഗണിക്കാവുന്നതാണ്.

8. ഇന്‍ഷൂറന്‍സ് പരിരക്ഷ

ലൈഫ് ഇന്‍ഷൂറന്‍സിനായി മികച്ച ടേം പോളിസികളും ആരോഗ്യ പരിരക്ഷയ്ക്കായി മികച്ച ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതികളിലും അംഗമാകുക. എത്രയും ചെറുപ്പത്തില്‍ ആരംഭിക്കുന്നുവോ ആനുപാതികമായി പ്രീമിയത്തിലും കുറവ് ലഭിക്കും.

click me!