തോഷിബ സിഇഒ രാജിവെച്ചു; ഓഹരി വില കുതിച്ചുയർന്നു

By Web TeamFirst Published Apr 15, 2021, 2:02 PM IST
Highlights

തോഷിബ ചെയർമാൻ സറ്റോഷി സുനാകവ പുതിയ സിഇഒയാവും. കുരുമതാനിയുടെ രാജിക്ക് പിന്നിലെ കാരണം തോഷിബ വെളിപ്പെടുത്തിയിട്ടില്ല.

ടോക്യോ: പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ തോഷിബ കോർപറേഷൻ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നോബ്വാകി കുരുമതാനി രാജിവെച്ചു. സിവിസി കാപിറ്റൽ പാർട്ണേർസുമായുള്ള 20 ബില്യൺ ഡോളറിന്റെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജി. സിഇഒ രാജിവെച്ചതോടെ ഇടപാടിന് താത്പര്യം അറിയിച്ച് കൂടുതൽ കമ്പനികൾ രംഗത്ത് വരുമെന്നാണ് കരുതുന്നത്. ഇതോടെ ഓഹരി കമ്പോളത്തിൽ കമ്പനിക്ക് വൻ നേട്ടമുണ്ടായി.

തോഷിബ ചെയർമാൻ സറ്റോഷി സുനാകവ പുതിയ സിഇഒയാവും. കുരുമതാനിയുടെ രാജിക്ക് പിന്നിലെ കാരണം തോഷിബ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സിവിസിയുമായുള്ള ഇടപാടിനും തോഷിബ കമ്പനിക്കും കമ്പനിയുടെ ഓഹരി ഉടമകളിൽ ഒരു വിഭാഗത്തിനും എതിരെ അദ്ദേഹം ശക്തമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്.

സിവിസി മുന്നോട്ട് വെച്ച തുകയേക്കാൾ ഉയർന്ന തുക നൽകി ഓഹരി വാങ്ങാൻ കെകെആർ ആന്റ് കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കാനഡയിൽ നിന്നുള്ള ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ് കമ്പനിയും ഒരു ഓഫർ മുന്നോട്ട് വെക്കുന്നതിന്റെ പ്രാഥമിക ചർച്ചകളിലാണ്. 

അതേസമയം പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തോഷിബ ഓഹരികളിൽ ഏഴ് ശതമാനം വർധനവാണ് ഉണ്ടായത്. 4900 യെൻ ആണ് തോഷിബയുടെ ഇപ്പോഴത്തെ ഓഹരി വില. സിവിസി കാപിറ്റൽ വാഗ്ദാനം ചെയ്തത് ഓഹരിക്ക് 5000 യെന്നായിരുന്നു. മാറിയ സാഹചര്യത്തിൽ സിവിസിക്കും തങ്ങളുടെ ഓഫർ പരിഷ്കരിക്കേണ്ടി വന്നേക്കും.

click me!