തെറ്റായ യുപിഐ ഐഡിയിലേക്ക് പണം കൈമാറിയോ? പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്

By Web TeamFirst Published Dec 6, 2022, 1:50 PM IST
Highlights

അബദ്ധവശാൽ പണം തെറ്റായ യുപിഐ ഐഡിയിലേക്ക് അയച്ചോ? ഇനി പണം തിരികെ ലഭിക്കാൻ എന്ത് ചെയ്യും? ആർബിഐ യുടെ ഈ നിർദേശങ്ങൾ അറിയാം 
 

യുപിഐ വഴിയുള്ള ഇടപാടുകളിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നതിനാൽ ബാങ്കുകളിൽ നേരിട്ടെത്തി ഇടപാടുകൾ നടത്തേണ്ടതായി വരുന്നില്ല. വഴിയോര കച്ചവടക്കാർ മുതൽ റീട്ടെയിൽ വ്യാപാരികൾ വരെ ഇപ്പോൾ യുപിഐ വഴിയാണ് പണം കൈമാറുന്നത്. 

യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ ഭൂരിഭാഗവും അത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാറുണ്ട്, എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, ശരിയായ നടപടികൾ സ്വീകരിച്ച് നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്ത തുക വീണ്ടെടുക്കാനാകും.

യുപിഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഇടപാടുകളിൽ തെറ്റ് സംഭവിക്കുമ്പോൾ, ഉപഭോക്താവ് ആദ്യം ഏത് പേയ്മെന്റ് സംവിധാനമാണോ ഉപയോഗിച്ചത് അതിൽ പരാതി നൽകണമെന്ന് ആർബിഐ വ്യക്തമാക്കുന്നു. പേടിഎം, ഗൂഗിൾപേ, ഫോൺപേ  തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപഭോക്തൃ സേവനത്തിൽ നിങ്ങൾക്ക് പരാതിപ്പെടുകയും അതുൽ നിന്നും നിങ്ങൾക്ക് സഹായം തേടുകയും റീഫണ്ട് നല്കാൻ അഭ്യർത്ഥിക്കുകയും ചെയ്യാം.

ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ,  നിങ്ങൾക്ക് ആർബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കാം. ആർബിഐ പറയുന്നതനുസരിച്ച്, "സ്‌കീമിലെ ക്ലോസ് 8 പ്രകാരം ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ ആർബിഐ  നിയോഗിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാൻ. യുപിഐ, ഭാരത് ക്യുആർ കോഡ് എന്നിവ വഴിയുള്ള പേയ്‌മെന്റ് ഇടപാടുകളെ സംബന്ധിച്ച ആർബിഐ നിർദ്ദേശങ്ങൾ പേയ്‌മെന്റ് സംവിധാനം പാലിക്കാത്തപ്പോൾ, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുകയോ ന്യായമായ തുകയ്ക്കുള്ളിൽ തുക തിരികെ നൽകാതിരിക്കുകയോ ചെയ്താൽ ഉപഭോക്താവിന് പരാതികൾ ഫയൽ ചെയ്യാം.

click me!