
വെനസ്വേലയിലെ 65 ബില്യൺ ബാരലിലധികം വരുന്ന കരുതൽ ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും അമേരിക്കയ്ക്ക് നൽകുന്ന കരാർ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ തകർന്നുപോയ വെനസ്വേലൻ എണ്ണ മേഖലയിലേക്ക് ഏകദേശം 100 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം എത്തുമെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്.
നിലവിൽ അമേരിക്കയുടെ സ്വന്തം കരുതൽ എണ്ണശേഖരം ഏകദേശം 46 ബില്യൺ ബാരലാണ്. വെനസ്വേലയിൽ നിന്ന് നിയന്ത്രണം ലഭിക്കുന്ന 65 ബില്യൺ ബാരൽ ഇതിനൊപ്പം ചേർത്താൽ മൊത്തം ശേഖരം 111 ബില്യൺ ബാരലായി ഉയരും. യു.എ.ഇയുടെ കരുതൽ ശേഖരം 113 ബില്യൺ ബാരലും കുവൈറ്റിന്റെ കരുതൽ ശേഖരം 102 ബില്യൺ ബാരൽ ആണ്. ഈ 111 ബില്യൺ ബാരൽ എന്നത് ലോകത്തെ ആകെ കരുതൽ എണ്ണശേഖരത്തിന്റെ 7.1 ശതമാനം വരും. എന്നാൽ 'ഭൂരിഭാഗ നിയന്ത്രണം' (Majority Control) എന്നത് എണ്ണശേഖരത്തിന്റെ പൂർണ ഉടമസ്ഥാവകാശമല്ലെന്നതും ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല (ഏകദേശം 303 ബില്യൺ ബാരൽ). ലോകത്തിലെ ആകെ എണ്ണശേഖരത്തിന്റെ 17 ശതമാനത്തോളമാണിത്.
ഇറാനുമായി തുടരുന്ന യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണലഭ്യത കുറഞ്ഞതും വില ഉയർന്നതും അമേരിക്കയ്ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. യു.എസിന്റെ തന്ത്രപ്രധാന എണ്ണശേഖരം (Strategic Petroleum Reserve) ഓഗസ്റ്റിൽ 300 മില്യൺ ബാരലിലേക്ക് താഴ്ന്നതും ഇതിന് ആക്കം കൂട്ടി. ഈ കരാറിന് പിന്നിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളുമുണ്ട്. ഒൻപത് മാസം മുൻപ് അമേരിക്ക നടത്തിയ സൈനിക നീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയും ഭാര്യയും അറസ്റ്റിലായിരുന്നു. തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളാണ് വെനസ്വേലയുടെ ഊർജ്ജ മേഖലയിൽ നേരിട്ട് ഇടപെടാൻ വാഷിംഗ്ടണിന് വഴിയൊരുക്കിയത്.