ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

By Web TeamFirst Published Apr 29, 2019, 4:01 PM IST
Highlights

നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ഈ നടപടിയോട് അന്ന് ഒപെക് അംഗമല്ലാത്ത റഷ്യ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഒപെക് ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 

മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു. 

യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഉല്‍പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സജീവ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വന്‍ കയറ്റമുണ്ടായ ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്നോടെ കുറവ് രേഖപ്പെടുത്തി. 

നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ഈ നടപടിയോട് അന്ന് ഒപെക് അംഗമല്ലാത്ത റഷ്യ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഒപെക് ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അടുത്ത ഒരു യോഗത്തിനപ്പുറം ഒപെക്കും റഷ്യ അടക്കമുളള ഒപെക് ഇതര പെട്രോളിയം ഉല്‍പാദകരും തമ്മിലുളള ധാരണ നീണ്ടുപോകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈന റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിനായി  നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. മെയ് രണ്ട് മുതലാണ് ഇറാനെതിരെ അമേരിക്കയുടെ പൂര്‍ണ ഉപരോധം നടപ്പില്‍ വരുന്നത്. ഇത് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയാണ്. 2018 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ കയറ്റുമതി ചെയ്യപ്പെടുത്ത ക്രൂഡ് ഓയിലിന്‍റെ 20.20 ശതമാനവും ചൈനയിലാണെത്തുന്നത്. 9.7 ശതമാനം മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിഹിതം.  

click me!