തിരഞ്ഞെടുപ്പ് പേടി? ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ്; അമേരിക്കയില്‍ സാധനങ്ങള്‍ക്ക് വില കുറഞ്ഞേക്കും

Published : Feb 16, 2026, 12:37 PM IST
trump removes 25 percent tariff on india russian oil trade deal

Synopsis

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഈ ചുവടുമാറ്റം.

 

വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഈ ചുവടുമാറ്റം.

സാധാരണക്കാരെ ബാധിച്ചു; അധികൃതര്‍ക്കും ആശങ്ക

സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി കൂട്ടിയത് പൈ ടിന്നുകള്‍, ശീതളപാനീയങ്ങളുടെ കാനുകള്‍ തുടങ്ങിയ സാധാരണ ഉല്‍പ്പന്നങ്ങളുടെ പോലും വില വര്‍ദ്ധിക്കാന്‍ കാരണമായതായി വാണിജ്യ മന്ത്രാലയവും വ്യാപാര പ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകം ജീവിതച്ചെലവിലെ ഈ വര്‍ദ്ധനവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

സര്‍വ്വേ ഫലം ട്രംപിന് തിരിച്ചടി

സാമ്പത്തിക കാര്യങ്ങളില്‍ ട്രംപിന്റെ ജനപ്രീതി ഇടിയുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ സര്‍വ്വേ പ്രകാരം 30% ആളുകള്‍ മാത്രമാണ് ട്രംപിന്റെ നടപടികളെ അനുകൂലിക്കുന്നത്. 59% പേര്‍ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളില്‍ അതൃപ്തരാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പത്തില്‍ ഒന്‍പത് പേരും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഞ്ചിലൊന്ന് പേരും വിലക്കയറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തി.

മാറ്റം വരുന്നത് എന്തിലൊക്കെ?

കഴിഞ്ഞ വര്‍ഷമാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം വരെ നികുതി ചുമത്തിയത്. ഇത്തവണ താഴെ പറയുന്നവയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്:

നിത്യോപയോഗ സാധനങ്ങളുടെ കണ്ടെയ്‌നറുകള്‍.

കാറ്റാടി യന്ത്രങ്ങള്‍ , ക്രെയിനുകള്‍, ബുള്‍ഡോസറുകള്‍.

മോട്ടോര്‍ സൈക്കിളുകള്‍, റെയില്‍വേ കോച്ചുകള്‍, ഫര്‍ണിച്ചറുകള്‍.

നേരിട്ട് നികുതി കൂട്ടുന്നതിന് പകരം, ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രത്യേക ഉല്‍പ്പന്നങ്ങളെ മാത്രം നിരീക്ഷിക്കുന്ന രീതിയിലേക്ക് മാറാനാണ് ട്രംപിന്റെ പദ്ധതി. കഴിഞ്ഞ ദിവസം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അംബാനിക്ക് യുഎസ് 'ഗ്രീന്‍ സിഗ്‌നല്‍'; റിലയന്‍സ് ഇനി വെനസ്വേലയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങും, റഷ്യക്ക് തിരിച്ചടി!
500 കോടി രൂപ സമാഹരിക്കാൻ ഈസ്മൈട്രിപ്പ്; ലക്ഷ്യംവെച്ചിരിക്കുന്നത് വമ്പൻ വിപുലീകരണങ്ങൾ