താരിഫ് ബൂമറാങ്ങാകുമോ? തകര്‍ന്നടിഞ്ഞ് യുഎസ് വിപണികള്‍, കുലുക്കമില്ലാതെ ട്രംപ്

Published : Apr 04, 2025, 01:58 PM IST
താരിഫ് ബൂമറാങ്ങാകുമോ? തകര്‍ന്നടിഞ്ഞ് യുഎസ് വിപണികള്‍, കുലുക്കമില്ലാതെ ട്രംപ്

Synopsis

ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍  കുത്തനെ ഇടിഞ്ഞു. ആപ്പിളിന്‍റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരി വിപണികള്‍. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ഡൗ ജോണ്‍സ് 1,600 പോയിന്‍റിലധികം ആണ് ഇടിഞ്ഞത്. യുഎസ് വിപണികളിലെ തകര്‍ച്ച ആഗോള ഓഹരി വിപണികളെയും ബാധിച്ചു. പരസ്പര താരിഫുകള്‍ യുഎസ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ട്രംപ് പ്രഖ്യാപിച്ചതെങ്കിലും, ഒരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്നും അത് വഴി ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കുമെന്നുള്ള ആശങ്കകളുമാണ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നത്. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍  കുത്തനെ ഇടിഞ്ഞു. ആപ്പിളിന്‍റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

കുലുക്കമില്ലാതെ ട്രംപ്
യുഎസ് വിപണികളില്‍ വന്‍ തകര്‍ച്ച ഉണ്ടായെങ്കിലും എല്ലാം നന്നായി നടക്കുമെന്ന് പ്രസിഡണ്ട് ട്രംപ് പറഞ്ഞു. ഓഹരികളും വിപണികളും കുതിച്ചുയരാന്‍ പോവുകയാണെന്നും രാജ്യം മുന്നേറുമെന്നും ട്രംപ് പറഞ്ഞു.  തീരുവ പ്രഖ്യാപിച്ചതിന് ശേഷം ഒരു ഗോള്‍ഫ് ക്ലബിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സാമ്പത്തിക രംഗത്തിന് ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നും ട്രംപ് പറഞ്ഞു താരിഫ് ഒഴിവാക്കാന്‍ യുഎസില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്ന് യുഎസിലേക്ക് ട്രില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപം വരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍  തയ്യാറാണെന്നും അവര്‍ക്ക് 'അസാധാരണമായ' എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ചര്‍ച്ചയുടെ ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ വളരെക്കാലമായി യുഎസിനെ മുതലെടുക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ആർബിഐ