PSU Banks: വൻകിട കമ്പനികൾക്ക് വായ്പ കൊടുത്ത് ആപ്പിലായി പൊതുമേഖലാ ബാങ്കുകൾ, നഷ്ടമായത് 2.85 ലക്ഷം കോടി രൂപ

By Web TeamFirst Published Dec 14, 2021, 5:50 PM IST
Highlights

ഡിസംബർ 16, 17 തീയതികളിലാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിങ് നിയമ ഭേദഗതി  2021 ബില്ലിനെതിരെയാണ് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം

ദില്ലി: കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്നായി 13 കോർപറേറ്റ് കമ്പനികൾ തട്ടിച്ചത് 2.85 ലക്ഷം കോടി രൂപ. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക്
പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലായിരുന്നു ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്.

ഡിസംബർ 16, 17 തീയതികളിലാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിങ് നിയമ ഭേദഗതി  2021 ബില്ലിനെതിരെയാണ് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുകയാണ് സംയുക്ത യൂണിയൻ.

രാജ്യത്ത് 13 കോർപറേറ്റ് കമ്പനികൾ 486800 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. ഈ കിട്ടാക്കടങ്ങൾ പിന്നീട് 161820 കോടി രൂപയ്ക്കാണ് തീർപ്പാക്കിയത്. 13 കമ്പനികൾക്ക് വായ്പ നൽകിയ ഇനത്തിൽ മാത്രം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം 284980 കോടി രൂപയാണെന്ന് സംയുക്ത യൂണിയൻ കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ വലിയ സാമ്പത്തിക ബാധ്യത തീർക്കാനാണ് പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ ഇപ്പോഴത്തെ പ്രവർത്തനം ലാഭകരമായാണെന്ന് ഇവർ പറയുന്നു. എന്നാൽ വൻകിട കോർപറേറ്റ് കമ്പനികൾക്ക് വായ്പ കൊടുത്ത വകയിലാണ് വലിയ ബാധ്യത ബാങ്കുകൾക്ക് ഉണ്ടായത്. കമ്പനികൾക്ക് കൊടുത്ത വായ്പയാണ് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിൽ അധികമെന്നും യൂണിയൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

click me!