സാധനങ്ങളുടെ വില കുറയ്ക്കാനും ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കാനുമുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതീക്ഷ.
നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമോ? വരാനിരിക്കുന്ന 2026-27 കേന്ദ്ര ബജറ്റില്‍ വിപണിയും സാധാരണക്കാരും ഉറ്റുനോക്കുന്നത് വലിയ പ്രഖ്യാപനങ്ങളിലേക്കാണ്. സാധനങ്ങളുടെ വില കുറയ്ക്കാനും ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കാനുമുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതീക്ഷ.
ജിഎസ്ടി കുറയണം; വിലയും! സോപ്പ്, ക്ലീനിംഗ് ലോഷനുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നതാണ് വിപണിയിലെ പ്രധാന ആവശ്യം. നിലവില്‍ ഇത്തരം പല സാധനങ്ങള്‍ക്കും 18 ശതമാനമാണ് ജിഎസ്ടി. ഇത് 5 ശതമാനത്തിലേക്ക് താഴ്ത്തിയാല്‍ സാധനങ്ങളുടെ വില കുറയുകയും കൂടുതല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ മുന്നോട്ട് വരികയും ചെയ്യുമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എം.ഡി സുധീര്‍ സീതാപതി പറയുന്നു. ഇത് ഇടത്തരക്കാരുടെ കുടുംബ ബജറ്റില്‍ വലിയ ആശ്വാസമാകും.
ഗ്രാമങ്ങളില്‍ ഉണര്‍വ് വേണം
നഗരങ്ങളിലെ വിപണി ഉണര്‍വ് കാണിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ ഇനിയും പുരോഗതി വരാനുണ്ട്. ഇതിനായി താഴെ പറയുന്നവ നടപ്പിലാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം:
തൊഴിലവസരങ്ങള്‍: ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്കും കാര്‍ഷിക പദ്ധതികള്‍ക്കും കൂടുതല്‍ തുക വകയിരുത്തണം.
കയ്യില്‍ പണം: സാധാരണക്കാരുടെ കയ്യില്‍ ചെലവാക്കാന്‍ കൂടുതല്‍ പണം എത്തുന്ന തരത്തില്‍ ആദായനികുതിയിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റം വരുത്തണം.
ചെറുകിട ബ്രാന്‍ഡുകള്‍: പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരം നേരിടാന്‍ വന്‍കിട കമ്പനികള്‍ക്ക് നയപരമായ പിന്തുണ വേണം.
'മെയ്ഡ് ഇന്‍ ഇന്ത്യ'യ്ക്ക് കൂടുതല്‍ കരുത്ത്
ഇന്ത്യയെ ലോകത്തിന്റെ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് എസ്.എല്‍.എം.ജി ബിവറേജസ് ജോയിന്റ് എം.ഡി പരിതോഷ് ലധാനി പ്രതീക്ഷ പ്രകടിപ്പിച്ചു. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കാനും ചിലവ് കുറയ്ക്കാനും സാധിക്കും.
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പാക്കേജിംഗിലേക്ക് മാറാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ചിലവ് കൂടുതലാണ്. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവോ സബ്സിഡിയോ നല്‍കിയാല്‍ ഈ മാറ്റം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് വിപണി വിലയിരുത്തുന്നു.വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയില്‍ പണമൊഴുക്ക് കൂട്ടാനുമുള്ള മാന്ത്രിക വടി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ടാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉണര്‍വും നികുതി പരിഷ്‌കാരങ്ങളും നടപ്പിലായാല്‍ 2026 വിപണിക്ക് വന്‍ കുതിപ്പിന്റെ വര്‍ഷമായിരിക്കുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
