ഇനി പാകിസ്ഥാൻ വിമാനങ്ങൾ യുകെയിലേക്ക് പറക്കും; അഞ്ച് വർഷത്തെ വിലക്ക് നീക്കി ബ്രിട്ടൻ

Published : Jul 18, 2025, 04:30 PM IST
PIA

Synopsis

പാകിസ്ഥാനിലെ പൈലറ്റുമാരിൽ ഏകദേശം മൂന്നിലൊന്ന് പേരും വ്യാജമായി ലൈസൻസ് നേടിയെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് വിലക്ക് 

കറാച്ചി: പാകിസ്ഥാൻ വിമാനക്കമ്പനികൾക്കുള്ള അഞ്ച് വർഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ പുരോ​ഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്. യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് അപേക്ഷ നൽകാൻ യുകെ അനുമതി നൽകിയിട്ടുണ്ട്.

പാകിസ്ഥാനിലെ പൈലറ്റുമാരിൽ ഏകദേശം മൂന്നിലൊന്ന് പേരും വ്യാജമായി ലൈസൻസ് നേടിയെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് 2020-ൽ പാകിസ്ഥാൻ വിമാനക്കമ്പനികളുടെ സർവ്വീസ് യുകെ വിലക്കിയത്. നിലവിൽ, വ്യോമ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ പുതിയ പ്രഖ്യാപനം നടത്തിയത്.

ഈ വർഷം ആദ്യം, യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് മേലുള്ള വിലക്ക് നീക്കിയിരുന്നു. യൂറോപ്പിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ പാകിസ്ഥാനെ അനുവദിച്ചു. അന്നത്തെ പാകിസ്ഥാൻ വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ വ്യാജ രേഖകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പാകിസ്ഥാൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 2020 മെയ് മാസത്തിൽ പാകിസ്ഥാൻ്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചി നഗരത്തിലേക്ക് വിമാനം ഇടിച്ചുകയറി 97 പേരുടെ മരണത്തിന് കാരണമായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) അപകടത്തിന് ശേഷമാണ് ഈ അഴിമതി പുറത്തുവന്നത്.

പി‌ഐ‌എയ്ക്ക് ഈ നിരോധനംകൊണ്ട് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം എന്നിവയുൾപ്പെടെ യുകെ റൂട്ടുകൾ പി‌ഐ‌എയ്ക്ക് ഏറ്റവും ലാഭകരമായിരുന്നു. നിരോധനം മൂലം ഏകദേശം 144 മില്യൺ ഡോളർ ആണ് വരുമാനനഷ്ടം എന്നാണ് റിപ്പോർട്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം