
ദില്ലി: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് കേരളത്തിന് പുറത്തേക്ക് പോയ കിറ്റക്സ് ഗ്രൂപ്പിനെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ. കിറ്റക്സ് എംഡി സാബു ജേക്കബുമായി സംസാരിച്ചെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൂർണ്ണ പിന്തുണയോടെ കർണാടയിൽ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയാണ് രാജീവ് ചന്ദ്രശേഖർ.
അതേസമയം കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ കേരളത്തിലേക്കുള്ള മടങ്ങിവരവ് നാളേക്ക് മാറ്റി. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് യാത്ര നാളേക്ക് മാറ്റിയത്. ഇന്ന് ഉച്ചക്ക് ശേഷം മടങ്ങാനായിരുന്നു നേരത്തെ തിരുമാനിച്ചിരുന്നത്. തെലങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും കിറ്റക്സ് സംഘം ചര്‍ച്ച നടത്തും. ടെക്സ്റ്റൈൽ ബിസിനസിന് പുറമെ മറ്റ് പദ്ധതികളെക്കുറിച്ചായിരിക്കും ഇനിയുളള ചര്‍ച്ച.