
സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുന്ന വിലക്കയറ്റംകണക്കാക്കുന്ന രീതിയില്‍ വന്‍ പരിഷ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍. 2012-ലെ മാനദണ്ഡങ്ങള്‍ മാറ്റിവെച്ച്, 2024 അടിസ്ഥാന വര്‍ഷമാക്കി പുതുക്കിയ ഉപഭോക്തൃ വിലസൂചിക പുറത്തിറക്കി. ആധുനിക ഇന്ത്യക്കാരുടെ മാറുന്ന ജീവിതശൈലി കണക്കിലെടുത്താണ് ഈ മാറ്റം.
മാറ്റങ്ങളെന്തൊക്കെ?
ഇതുവരെ ഭക്ഷണസാധനങ്ങള്‍ക്കായിരുന്നു വിലക്കയറ്റം നിശ്ചയിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നത്. എന്നാല്‍ പുതിയ കണക്കെടുപ്പില്‍ ഭക്ഷണത്തിന് നല്‍കിയിരുന്ന പ്രാധാന്യംകുറയ്ക്കുകയും വിനോദം, സാങ്കേതികവിദ്യ, യാത്ര തുടങ്ങിയവയ്ക്ക് പ്രാധാന്യം കൂട്ടുകയും ചെയ്തു.
ഭക്ഷണം: നേരത്തെ 45.9% ആയിരുന്നത് ഇപ്പോള്‍ 36.8% ആയി കുറഞ്ഞു.
പുതിയ ഉള്‍പ്പെടുത്തലുകള്‍: വിമാന ടിക്കറ്റ് നിരക്ക്, ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍, മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ എന്നിവ ഇനി മുതല്‍ വിലക്കയറ്റ സൂചികയുടെ ഭാഗമാകും.
ഡിജിറ്റല്‍ ട്രാക്കിംഗ്: രാജ്യത്തെ പ്രധാന നഗരങ്ങളിലെ 12 ഓണ്‍ലൈന്‍ വിപണികളിലെ വിലയും ഇനി നേരിട്ട് നിരീക്ഷിക്കും.
ഡിജിറ്റല്‍ യുഗത്തിലെ വിലക്കയറ്റം
പഴയ രീതിയില്‍ നിന്ന് മാറി ടാബ്ലെറ്റുകള്‍ ഉപയോഗിച്ചും ജിയോ-ടാഗിംഗ് സംവിധാനത്തിലൂടെയും തത്സമയമാണ് ഇനി വിവരശേഖരണം നടത്തുക. ഇത് കണക്കുകളിലെ കൃത്യത ഉറപ്പാക്കും. വസ്ത്രങ്ങള്‍, ട്യൂഷന്‍ ഫീസുകള്‍ തുടങ്ങിയവയെ പുതിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുനര്‍ക്രമീകരിച്ചിട്ടുണ്ട്.
എന്താണ് 'ബേസ് ഇഫക്ട്'?
കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്താണ് വിലക്കയറ്റം കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം വില വളരെ കൂടുതലായിരുന്നെങ്കില്‍, ഈ വര്‍ഷം വില കൂടിയാലും ശതമാനക്കണക്കില്‍ കുറവായി തോന്നും. ഇതിനെയാണ് ബേസ് ഇഫക്ട് എന്ന് പറയുന്നത്. പുതിയ മാറ്റത്തോടെ ഇത്തരം അവ്യക്തതകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ആര്‍ബിഐയുടെ ഇടപെടല്‍ എളുപ്പമാകും
പലിശ നിരക്കുകള്‍ തീരുമാനിക്കുന്നതില്‍ റിസര്‍വ് ബാങ്കിന് പുതിയ സൂചിക വലിയ സഹായമാകും. പുതിയ കണക്കുകള്‍ പ്രകാരം 2026 ജനുവരിയിലെ വിലക്കയറ്റം 3 ശതമാനത്തോളം എത്താന്‍ സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ ഇനി മുതല്‍ മൊത്തത്തിലുള്ള വിലക്കയറ്റ കണക്കിനെ പഴയതുപോലെ ഉലയ്ക്കില്ല.
ആശങ്കകള്‍ ബാക്കി
പുതിയ മാറ്റം സ്വാഗതാര്‍ഹമാണെങ്കിലും ചില കാര്യങ്ങളില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്:
വീട്ടുവാടക: മെട്രോ നഗരങ്ങളില്‍ വാടക കുതിച്ചുയരുമ്പോഴും സൂചികയില്‍ അത് വേണ്ടത്ര പ്രതിഫലിക്കുന്നില്ലെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഗൗര സെന്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സംരക്ഷണം: ചികിത്സാ ചെലവുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം യഥാര്‍ത്ഥ ചെലവുകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിലും വ്യക്തത കുറവുണ്ട്.
ചുരുക്കത്തില്‍, വെറും അരിയുടെയും പച്ചക്കറിയുടെയും വില മാത്രമല്ല, നെറ്റ്ഫ്‌ലിക്‌സ് റീചാര്‍ജ് അടക്കം നി രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് നിശ്ചയിക്കും.