കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?

Published : Oct 09, 2026, 03:41 PM IST
Donald Trump

Synopsis

അമേരിക്കൻ കർഷകരുടെ കടബാധ്യത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. വിലത്തകർച്ചയും യുദ്ധങ്ങളും കാരണം പ്രതിസന്ധിയിലായ കർഷകർക്ക് ഔദ്യോഗിക കണക്കുകളേക്കാൾ വലിയ ബാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില കർഷക കുടുംബങ്ങൾക്ക് 42 വായ്പകൾ വരെയുണ്ടെന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തന്നെ ആശങ്കയിലാക്കുന്നു.

അമേരിക്കയിലെ കര്‍ഷകര്‍ സര്‍വകാല റെക്കോര്‍ഡ് കടബാധ്യതയില്‍. കൃഷിയിടങ്ങളുടെ ദൈനംദിന നടത്തിപ്പിനും ഉല്‍പ്പാദനത്തിനുമായി അമേരിക്കന്‍ കര്‍ഷകര്‍ വായ്പയെടുക്കുന്ന തുക മുന്‍പത്തെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണ്. എന്നാല്‍, യുഎസ് കൃഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിലുള്ളതിനേക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ത്ഥ കടബാധ്യതയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാങ്കുകള്‍ക്ക് പുറമെ, സ്വകാര്യ കമ്പനികള്‍, കര്‍ഷക സഹകരണ സംഘങ്ങള്‍, യന്ത്രസാമഗ്രി നിര്‍മ്മാതാക്കള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് കര്‍ഷകര്‍ വ്യാപകമായി പണം കടമെടുക്കുന്നത് സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.

വിലത്തകര്‍ച്ചയും യുദ്ധവും വിതച്ച പ്രതിസന്ധി

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതും വളത്തിനും വിത്തിനും മറ്റ് ഉല്‍പ്പാദന സാമഗ്രികള്‍ക്കും വില ഉയര്‍ന്നതും കര്‍ഷകരുടെ ലാഭം കുത്തനെ കുറച്ചിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായുണ്ടായ മറ്റ് പ്രതിസന്ധികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ചൈനയുള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന വ്യാപാര തര്‍ക്കങ്ങള്‍ അമേരിക്കന്‍ കാര്‍ഷിക കയറ്റുമതിയെ ബാധിച്ചു. ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം കാരണം ഇന്ധനത്തിനും വളത്തിനും വിപണിയില്‍ വില കുത്തനെ കൂടിയതും കര്‍ഷകര്ക്ക് തിരിച്ചടിയായി. യുഎസ് കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആകെ കാര്‍ഷിക കടം 2000-ല്‍ 300 ബില്യണ്‍ ഡോളറായിരുന്നത് ഈ വര്‍ഷം 605 ബില്യണ്‍ ഡോളറിലധികമായി (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു കുടുംബത്തിന് മാത്രം 42 വായ്പകള്‍!

അമേരിക്കയിലെ 7 ദക്ഷിണ-മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായി 52-ലധികം വന്‍കിട കര്‍ഷകരുമായി റോയിട്ടേഴ്‌സ് പ്രതിനിധികൾ നടത്തിയ ഇടപെടലിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഭൂരിഭാഗം കര്‍ഷകര്‍ക്കും 7 മുതല്‍ 10 വരെ വ്യത്യസ്ത വായ്പാ അക്കൗണ്ടുകള്‍ നിലവിലുണ്ട്. ചിലര്‍ക്കിത് 30-ല്‍ അധികമാണ്! ഐയോവയിലെ ഒരു കര്‍ഷക കുടുംബത്തിന് മാത്രം 42 വായ്പാ അക്കൗണ്ടുകള്‍ ആണുള്ളത്. ട്രാക്ടറുകളോ മറ്റ് പുതിയ യന്ത്രങ്ങളോ വാങ്ങുമ്പോഴും ലീസിനെടുക്കുമ്പോഴും ഡീലര്‍മാര്‍ ഓരോന്നിനും വേവ്വേറെ ക്രെഡിറ്റ് അക്കൗണ്ടുകള്‍ നിര്‍ബന്ധമാക്കുന്നതാണ് ഇതിന് കാരണം. ഈ സാഹചര്യം കാര്‍ഷിക മേഖലയെ മാത്രമല്ല, അമേരിക്കയുടെ ആകെയുള്ള സമ്പദ്വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

PREV
Read more Articles on
click me!

Recommended Stories

എഐ തൊഴിലാളികളെ ബാധിക്കുമോ? ഉത്തരവുമായി ജെഫ് ബെസോസ്; 'ഭാവിയിൽ ആഴ്ചയിൽ 3 ദിവസം ജോലി ചെയ്താൽ മതിയാകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഡിഗോയ്ക്ക് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യയും!