ഓര്‍മ്മയുണ്ടോ ആ കാലം? 90's കിഡ്സിന്റെ 'ഓര്‍ക്കുട്ട്' വീണ്ടും വരുന്നു? പിന്തുണ തേടി സ്ഥാപകന്‍

Published : Oct 09, 2026, 03:52 PM ISTUpdated : Oct 09, 2026, 03:56 PM IST
Orkut

Synopsis

2000-ങ്ങളുടെ തുടക്കത്തിൽ ജനപ്രിയമായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് തിരിച്ചെത്താൻ ഒരുങ്ങുന്നു. ഇന്നത്തെ സോഷ്യൽ മീഡിയകൾ യഥാർത്ഥ ബന്ധങ്ങളെ വിമർശിച്ച് സ്ഥാപകനായ ഓർക്കുട്ട് ബുയൂക്കോക്ടെൻ ആണ് തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്.

2000 ങ്ങളുടെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് ലോകത്തെ ഹരം പിടിപ്പിച്ച ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ഓര്‍ക്കുട്ട്' തിരിച്ചെത്തുന്നു. പഴയതുപോലെ സൗഹൃദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഓര്‍ക്കുട്ട് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സ്ഥാപകനായ ഓര്‍ക്കുട്ട് ബുയൂക്കോക്ടെന്‍. ഇതിനായി അദ്ദേഹം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടിയിരിക്കുകയാണ്. എന്നാല്‍ എന്നാണ് പുതിയ പ്ലാറ്റ്ഫോം പുറത്തിറങ്ങുകയെന്ന തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

‘സോഷ്യല്‍ മീഡിയയ്ക്ക് വഴിപിഴച്ചു’: തുറന്ന കത്തുമായി സ്ഥാപകന്‍

ഓര്‍ക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിലാണ് പ്ലാറ്റ്ഫോം തിരികെ കൊണ്ടുവരാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോഷ്യല്‍ മീഡിയയിലുണ്ടായ മാറ്റങ്ങളെ അദ്ദേഹം കത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ യഥാര്‍ത്ഥ ബന്ധങ്ങളേക്കാള്‍ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്റര്‍നെറ്റ് മനുഷ്യത്വപരമായിരുന്ന ഒരു കാലത്തെക്കുറിച്ചും അദ്ദേഹം കത്തില്‍ ഓര്‍ത്തെടുത്തു. അന്ന് മറ്റൊരു ഭൂഖണ്ഡത്തിലുള്ള അപരിചിതനില്‍ നിന്നുള്ള ഒരു സന്ദേശം മാന്ത്രികത പോലെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുറച്ചു നേരത്തേക്കാണെങ്കിലും അത് നല്‍കിയിരുന്ന സന്തോഷം ചെറുതല്ലായിരുന്നു, കാരണം അവ യഥാര്‍ത്ഥമായിരുന്നു. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ബന്ധങ്ങള്‍ക്ക് പകരം അല്‍ഗോരിതങ്ങളെയാണ് സോഷ്യല്‍ മീഡിയ ആശ്രയിക്കുന്നത്. ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍ എഞ്ചിനീയറായ ഓര്‍ക്കുട്ട് ബുയൂക്കോക്ടെന്‍ സൃഷ്ടിച്ച ഓര്‍ക്കുട്ട്, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആദ്യകാല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായിരുന്നു. 2004 ജനുവരിയിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഓര്‍ക്കുട്ടിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രൊഫൈലുകള്‍, കമ്മ്യൂണിറ്റികള്‍, ടെസ്റ്റിമോണിയലുകള്‍ എന്നിവയിലൂടെ ആളുകള്‍ തമ്മില്‍ വലിയ ബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചതോടെ 2014 സെപ്റ്റംബറില്‍ ഗൂഗിള്‍ ഓര്‍ക്കുട്ട് പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയായിരുന്നു. നീണ്ട 10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോഴത്തെ ഈ പുതിയ നീക്കം.

PREV
Read more Articles on
click me!

Recommended Stories

കടം സര്‍വകാല റെക്കോര്‍ഡില്‍! കടക്കെണിയില്‍ അമര്‍ന്ന് അമേരിക്കന്‍ കര്‍ഷകരെന്ന് റിപ്പോർട്ട്, യഥാർത്ഥ കാരണം എന്ത്?
എഐ തൊഴിലാളികളെ ബാധിക്കുമോ? ഉത്തരവുമായി ജെഫ് ബെസോസ്; 'ഭാവിയിൽ ആഴ്ചയിൽ 3 ദിവസം ജോലി ചെയ്താൽ മതിയാകും'