എഐയുടെ പുറത്തേറിയുള്ള വിപണിയുടെ കുതിപ്പ് ഒരു കുമിളയോ? ആശങ്കയോടെ ആഗോള ഓഹരി വിപണികള്‍, യുഎസ് വിപണിയില്‍ ഒറ്റ ദിവസത്തെ നഷ്ടം 64 ലക്ഷം കോടി രൂപ

Published : Nov 16, 2025, 09:18 PM IST
AI

Synopsis

വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറ്റം നല്‍കിയ അമിതവേഗമാണ്. ടെക്‌നോളജി ഓഹരികളെ ആശ്രയിച്ചാണ് യുഎസിലെ എസ് ആന്റ് പി 500 സൂചിക പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്.

റെക്കോര്‍ഡ് നേട്ടങ്ങളുമായി മുന്നേറിയ യുഎസ് ഓഹരി വിപണിയില്‍ നവംബർ ആദ്യവാരം നേരിട്ടത് വന്‍ തകര്‍ച്ച. ഒറ്റ ദിവസം കൊണ്ട് വിപണിയില്‍ 730 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 64 ലക്ഷം കോടി രൂപ) നഷ്ടം രേഖപ്പെടുത്തിയിരുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്ക്സ് തുടങ്ങിയ വന്‍കിട ബാങ്കുകളുടെ തലവന്മാര്‍ വിപണിയിലെ അമിത മൂല്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുപ്പിലേക്ക് തിരിഞ്ഞത്.

വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറ്റം നല്‍കിയ അമിതവേഗമാണ്. ടെക്‌നോളജി ഓഹരികളെ ആശ്രയിച്ചാണ് യുഎസിലെ എസ് ആന്റ് പി 500 സൂചിക പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്. മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്ക്്സ് എന്നീ സ്ഥാപനങ്ങളുടെ സിഇഒമാര്‍ ഈ നേട്ടം വെറുമൊരു കുമിളയാണോ എന്ന തരത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചത് നിക്ഷേപകരെ ഭയപ്പെടുത്തി. യുഎസ്് സൂചികകള്‍ ഒക്ടോബര്‍ 10 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് രേഖപ്പെടുത്തിയത്. എഐ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച 'മാഗ്നിഫിഷ്യന്ററ് 7 എന്നറിയപ്പെടുന്ന വമ്പന്‍ ടെക് ഓഹരികളില്‍ ആറെണ്ണത്തിനും ഇടിവ് നേരിട്ടു. ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്ത ആറ് മാസം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ വലിയ തിരുത്തലിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ മാസം ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജെമി ഡിമോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ്. കോണ്‍ഗ്രസിലെ ഭിന്നത കാരണം സര്‍ക്കാര്‍ 'ഷട്ട്ഡൗണ്‍' തുടരുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ ആകാന്‍ സാധ്യതയുണ്ട്.

റെക്കോര്‍ഡ് ഇടിവുമായി ഏഷ്യന്‍ വിപണികള്‍

എഐ സാങ്കേതികവിദ്യയോടുള്ള നിക്ഷേപകരുടെ അമിതാവേശം കാരണം ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച സൂചികകളില്‍ ഒന്നായ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 6.2% വരെ കൂപ്പുകുത്തി. വ്യാപാരം അവസാനിച്ചപ്പോള്‍ 2.9% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത് . ജപ്പാനിലെ നിക്കേ സൂചിക 2.5% ഇടിഞ്ഞു. തായ്വാനിലെ ടായിക്‌സ് സൂചിക 1.4% കുറഞ്ഞു. ഹോങ്കോങ് ഹാംഗ് സെങ് സൂചിക 0.2% ഇടിഞ്ഞു.

ചിപ്പ് നിര്‍മാതാക്കള്‍ക്ക് കനത്ത പ്രഹരം

എഐ സംബന്ധമായ ആവശ്യം കാരണം ഈ വര്‍ഷം ഏഷ്യന്‍ ഓഹരി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയത് ചിപ്പ് നിര്‍മ്മാണ കമ്പനികളാണ്. എന്നാല്‍, വിപണിയിലെ ഇടിവില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും ഈ കമ്പനികളാണ്. എഐയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന 'ഹൈ ബാന്‍ഡ്വിഡ്ത്ത് മെമ്മറി' ചിപ്പുകള്‍ നിര്‍മ്മിക്കുന്ന സാംസങ് ഇലക്ട്രോണിക്‌സ്, എസ്.കെ. ഹൈനിക്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ യഥാക്രമം 7.2%, 9.1% വരെ ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ ഓഹരികള്‍ 2.7% താഴ്ന്നു.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം