അമേരിക്കയില്‍ ജപ്പാന്റെ വമ്പന്‍ നിക്ഷേപം; 550 ശതകോടി ഡോളറിന്റെ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

Published : Feb 21, 2026, 11:33 AM IST
us supreme court trump tariff ruling 10 percent global tariff section 122 section 301 trade policy impact

Synopsis

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാതക വൈദ്യുത നിലയമായിരിക്കും ഇത്.

 

അമേരിക്കയും ജപ്പാനും തമ്മില്‍ വമ്പന്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിന്റെ ഭാഗമായി അമേരിക്കയില്‍ 550 ശതകോടി ഡോളറിന്റെ നിക്ഷേപം ജപ്പാന്‍ നടത്തും. ഇതിന് പകരമായി ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവഅമേരിക്ക 15 ശതമാനമായി കുറയ്ക്കും. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ജപ്പാന്റെ 550 ശതകോടി ഡോളര്‍ നിക്ഷേപ വാഗ്ദാനത്തിലെ ആദ്യഘട്ടമെന്ന നിലയില്‍ 36 ശതകോടി ഡോളറിന്റെ മൂന്ന് വന്‍കിട പദ്ധതികള്‍ക്കാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി തുടക്കമിടുന്നത്. ടെക്‌സസ്, ഒഹായോ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലായി ഊര്‍ജ്ജം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഈ പദ്ധതികള്‍. ഈ കരാര്‍ അമേരിക്കന്‍ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.

ആദ്യഘട്ടത്തിലെ 3 പ്രധാന പദ്ധതികള്‍ ഇവയാണ്:

ഒഹായോയിലെ കൂറ്റന്‍ വാതക വൈദ്യുത നിലയം: 33 ശതകോടി ഡോളര്‍ ചിലവില്‍ പോര്‍ട്ട്സ്മൗത്തില്‍ നിര്‍മ്മിക്കുന്ന പ്രകൃതിവാതക വൈദ്യുത നിലയമാണിത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാതക വൈദ്യുത നിലയമായിരിക്കും ഇത്. വര്‍ഷത്തില്‍ 9.2 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ഒഹായോയിലെ മുഴുവന്‍ വീടുകള്‍ക്കും വെളിച്ചമേകാന്‍ പര്യാപ്തമാണെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുറ്റ്നിക്ക് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ പ്ലാന്റ് വലിയ കുതിപ്പാകും. ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ ഉപകമ്പനിയായ 'എസ്.ബി എനര്‍ജി'യാണ് ഇതിന്റെ നടത്തിപ്പുകാര്‍.

ടെക്‌സസിലെ എണ്ണ കയറ്റുമതി ടെര്‍മിനല്‍: 2.1 ശതകോടി ഡോളര്‍ ചിലവില്‍ കടലില്‍ നിര്‍മ്മിക്കുന്ന ക്രൂഡ് ഓയില്‍ കയറ്റുമതി ടെര്‍മിനലാണിത് . സെന്റിനല്‍ മിഡ്സ്ട്രീം എന്ന കമ്പനിയാണ് ഇത് വികസിപ്പിക്കുന്നത്. ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 20 മുതല്‍ 30 ശതകോടി ഡോളറിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണക്കാര്‍ എന്ന അമേരിക്കയുടെ സ്ഥാനം ഇത് ഉറപ്പിക്കും.

ജോര്‍ജിയയിലെ കൃത്രിമ ഡയമണ്ട് ഫാക്ടറി: 60 കോടി ഡോളര്‍ ചിലവില്‍ നിര്‍മ്മിക്കുന്ന ഈ ഫാക്ടറി, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കൃത്രിമ വജ്രങ്ങള്‍ ഉത്പാദിപ്പിക്കും. സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിനും മറ്റും ആവശ്യമായ ഇത്തരം വജ്രങ്ങള്‍ക്ക് അമേരിക്ക നിലവില്‍ പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ ഫാക്ടറി വരുന്നതോടെ അമേരിക്കയുടെ 100 ശതമാനം ആവശ്യങ്ങളും ഇവിടെത്തന്നെ നിറവേറ്റാനാകും. ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് ഉത്പാദകരായ ഡി ബിയേഴ്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള എലമെന്റ് സിക്‌സ് എന്ന കമ്പനിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുക.

വിദേശ ആശ്രയത്വം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇത്രയും വലിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം 'താരിഫ്' എന്ന ഒറ്റ വാക്കുകൊണ്ടാണെന്ന് ട്രംപ് അവകാശപ്പെട്ടു. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന അമേരിക്കയുടെ 'വിഡ്ഢിത്തം' ഇതോടെ അവസാനിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക സുരക്ഷ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാഭവിഹിതം എങ്ങനെ?

പദ്ധതികളുടെ ആകെ ചിലവില്‍ ജപ്പാന്‍ എത്രത്തോളം തുക നേരിട്ട് മുടക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെയുള്ള അമേരിക്ക-ജപ്പാന്‍ ധാരണ പ്രകാരം, ജപ്പാന്റെ ആദ്യ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതുവരെ പദ്ധതികളില്‍ നിന്നുള്ള ലാഭം തുല്യമായി പങ്കിടും. അതിനുശേഷം ലാഭത്തിന്റെ 90 ശതമാനവും അമേരിക്കയ്ക്കും 10 ശതമാനം ജപ്പാനും എന്ന നിലയിലാകും കാര്യങ്ങള്‍.

അതേസമയം, അമേരിക്കന്‍ പ്രഖ്യാപനം വന്നെങ്കിലും പല കാര്യങ്ങളിലും ഇനിയും തീരുമാനമാകാനുണ്ടെന്നാണ് ജപ്പാന്റെ സാമ്പത്തിക-വ്യാപാര മന്ത്രി റ്യോസെയ് അകാസാവ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

50 ബില്യൺ ഡോളർ നിക്ഷേപം, ഗ്ലോബൽ സൗത്തിൽ എഐ തരം​ഗം സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റ്
നേട്ടം നിലനിർത്താനായില്ല, ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 1200 പോയിന്റിലേറെ ഇടിഞ്ഞു