തീരുവ യുദ്ധത്തിൽ ചൈനയ്ക്ക് കാലിടറുന്നു? ശമ്പളം മുടങ്ങുന്നു, പിരിച്ചുവിടുന്നു, പ്രതിഷേധിച്ച് തൊഴിലാളികൾ

Published : May 04, 2025, 07:08 AM ISTUpdated : May 04, 2025, 07:11 AM IST
തീരുവ യുദ്ധത്തിൽ ചൈനയ്ക്ക് കാലിടറുന്നു? ശമ്പളം മുടങ്ങുന്നു, പിരിച്ചുവിടുന്നു, പ്രതിഷേധിച്ച് തൊഴിലാളികൾ

Synopsis

അമേരിക്കയിലേക്ക് ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചൈനയിലെ ഫാക്ടറികളിൽ പലതും പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി

ബീജിങ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടങ്ങിയ താരിഫ് യുദ്ധത്തിന് പിന്നാലെ ചൈന തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. അമേരിക്കയിലേക്ക് ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചൈനയിലെ ഫാക്ടറികളിൽ പലതും പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതായി റിപ്പോർട്ടുണ്ട്.

ശമ്പള പ്രതിസന്ധിയും പിരിച്ചുവിടലും വ്യാപകമായതോടെയാണ് തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയതെന്ന് ന്യൂസ്മാക്സ് റിപ്പോർട്ട് ചെയ്തു. തീരുവ ഉയര്‍ത്തിയത് മൂലം കയറ്റുമതി താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കമ്പനികള്‍ക്ക് കയറ്റുമതിക്കായി വേണ്ടത്ര ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല.

ഷാങ്ഹായ്ക്ക് സമീപമുള്ള വ്യാവസായിക കേന്ദ്രങ്ങളിലും മംഗോളിയയിലും തൊഴിലാളി പ്രതിഷേധം ഉയർന്നുവന്നു. ടോങ്‌ലിയാവോ പോലുള്ള നഗരങ്ങളിൽ, ശമ്പളം ലഭിക്കാത്തതിൽ നിരാശരായി തൊഴിലാളികൾ കെട്ടിടങ്ങളുടെ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാങ്ഹായ്ക്ക് സമീപം എൽഇഡി ലൈറ്റ് ഫാക്ടറിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ജനുവരി മുതൽ ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധ പ്രകടനം നടത്തി. ഡാവോ കൗണ്ടിയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അവിടെ ഒരു സ്‌പോർട്‌സ് ഗുഡ്‌സ് കമ്പനി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ പ്രവർത്തനം നിർത്തിവച്ചു. വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു.

ചൈനയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിംജിയാങ് പ്രവിശ്യയിലെ നിംഗ്‌ബോ ഷുസാന്‍ തുറമുഖം ചൈനയുടെ കയറ്റുമതിയുടെ പ്രധാന ഹബ്ബുകളിലൊന്നാണ്. മിക്കതും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ ആദ്യ മൂന്നാഴ്ച ചരക്കുനീക്കത്തില്‍ 12-13 ശതമാനം കുറവുണ്ടായെന്ന് കോസ്‌കോ എന്ന ചൈനീസ് ഷിപ്പിംഗ് കമ്പനി വെളിപ്പെടുത്തി. ഏപ്രില്‍ അവസാനത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ചരക്കുനീക്കത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല തീരുവകളിൽ നിന്നും ട്രംപ് പിന്നോട്ടു പോയി. പക്ഷേ ചൈനീസ് ഇറക്കുമതികളുടെ തീരുവകൾ അതേപോലെ നിലനിർത്തി, ബീജിംഗിനെ കൂടുതൽ ഒറ്റപ്പെടുത്തി. ചൈന തിരിച്ചും താരിഫ് യുദ്ധം തുടരുമ്പോൾ, ചൈനയ്ക്ക് ഇളവ് നൽകാൻ ട്രംപും തയ്യാറാകുന്നില്ല. 

 യുഎസിലേക്ക് ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ഇപ്പോൾ 245% വരെ തീരുവ നൽകണമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ  125% തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച ചർച്ച നടക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം