
അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ സൗരോര്‍ജ്ജ പാനലുകള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതും, ആന്റി-ഡമ്പിംഗ് തീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും ഇന്ത്യയുടെ സൗരോര്‍ജ്ജ വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സൗരോര്‍ജ്ജ പാനലുകളുടെ കയറ്റുമതിയില്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. ആകെ കയറ്റുമതിയുടെ 90 ശതമാനവും അമേരിക്കയിലേക്കാണ്. ഇവിടെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ അമേരിക്കയിലേക്കുള്ള വില്‍പ്പന കുറയുമെന്ന് വ്യവസായ വിദഗ്ദ്ധരും, അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ള സൗരോര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അമേരിക്കയിലെ ചില സൗരോര്‍ജ്ജ കമ്പനികള്‍ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ്. കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് ജൂലൈ 17-ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. 50 ശതമാനം തീരുവ ലാഭവിഹിതം കുറയ്ക്കുമെന്നും, ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിയാല്‍ അമേരിക്കന്‍ വിപണിയില്‍ മത്സരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ക്ലീന്‍ എനര്‍ജി കണ്‍സള്‍ട്ടന്‍സിയായ മെര്‍കോം ക്യാപിറ്റലിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2026-ല്‍ ഇന്ത്യ സൗരോര്‍ജ്ജ പാനലുകളുടെ ഉത്പാദനത്തില്‍ മിച്ച ഉത്പാദന ഘട്ടത്തിലേക്ക് കടക്കുമെന്നും, അമേരിക്കന്‍ വിപണി നഷ്ടപ്പെടുന്നത് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയുടെ സൗരോര്‍ജ്ജ ഉത്പാദന ശേഷിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ കാരണം മാര്‍ച്ചോടെ ഉത്പാദന ശേഷി 74 ജിഗാവാട്ടായി ഉയര്‍ന്നു. ഇത് 2027-ഓടെ 190 ജിഗാവാട്ടായി വര്‍ധിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ പ്രവചനം. നിലവില്‍ രാജ്യത്തെ സൗരോര്‍ജ്ജ പാനല്‍ നിര്‍മാണശാലകള്‍ ശരാശരി 25 ശതമാനം ശേഷിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ചൈനീസ് സെല്ലുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ നിര്‍മ്മിത സൗരോര്‍ജ്ജ മൊഡ്യൂളുകള്‍ ചൈനയില്‍ നിര്‍മ്മിച്ചതിനേക്കാള്‍ 48 ശതമാനം അധിക വിലയുള്ളതാണ്. ഇന്ത്യന്‍ നിര്‍മ്മിത സെല്ലുകള്‍ ഉപയോഗിച്ചുള്ള മൊഡ്യൂളുകള്‍ക്ക് 143 ശതമാനം അധിക വിലയുണ്ടെന്നും മെര്‍കോം ഡാറ്റ കാണിക്കുന്നു. പുതിയ വിപണികള്‍ കണ്ടെത്തുന്നത് ഇത്് കാരണം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ചൈനീസ് സെല്ലുകള്‍ക്ക് ഇന്ത്യന്‍ സെല്ലുകളേക്കാള്‍ മൂന്നിരട്ടി വിലക്കുറവുണ്ട്.