അതിവേഗം വളരുന്ന വന്ദേഭാരത് ശൃംഖല; ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യമെന്ത്? കണക്കുകൾ ഇങ്ങനെ

Published : Aug 17, 2026, 12:47 PM IST
vandebharat

Synopsis

ഇന്ത്യൻ റെയിൽവേയുടെ നഷ്ടക്കണക്കുകൾക്കിടയിൽ, വന്ദേ ഭാരത് പോലുള്ള പ്രീമിയം എസി സർവീസുകൾ ലാഭത്തിന്റെ പുതിയ പാത തുറക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും വന്ദേ ഭാരത് സ്ലീപ്പർ പോലുള്ള പുതിയ സർവീസുകളും റെയിൽവേയുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തിക നഷ്ടം നികത്താൻ സഹായിക്കുന്നു.

ദില്ലി: വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇത്രയധികം വന്ദേഭാരത് സർവ്വീസുകൾ ആരംഭിച്ചത്. വേഗതയേറിയ യാത്രയും അത്യാധുനിക സൗകര്യങ്ങളും മാത്രമല്ല, വന്ദേ ഭാരത് ശൃംഖല അതിവേഗം വ്യാപിപ്പിക്കുന്നതിന് പിന്നിൽ ഇന്ത്യൻ റെയിൽവേയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. റെയിൽവേയുടെ പാസഞ്ചർ മേഖലയിൽ ലാഭം നൽകുന്ന ചുരുക്കം ചില വിഭാഗങ്ങളിൽ ഒന്നാണ് പ്രീമിയം എസി സർവീസുകൾ.

2024-25 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക കണക്കുകൾ പരിശോധിക്കുമ്പോൾ എസി 3-ടയർ (AC 3-Tier), എസി ചെയർ കാർ (AC Chair Car) എന്നീ വിഭാഗങ്ങൾ മാത്രമാണ് റെയിൽവേക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തത്. വന്ദേ ഭാരത്, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് ചെയർ കാറുകളാണ് എന്നത് ഈ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു.

ലാഭവും നഷ്ടവും

ഇന്ത്യൻ റെയിൽവേയുടെ ഭൂരിഭാഗം പാസഞ്ചർ സർവീസുകളും ഇപ്പോഴും നഷ്ടത്തിലാണ് ഓടുന്നത്. ഓർഡിനറി ക്ലാസ്, 20,705.94 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് നേരിടുന്നതെന്നാണ് കണക്കുകൾ. ഫസ്റ്റ് ക്ലാസിന് 48.77 കോടി രൂപയോളം നഷ്ടത്തിലാണ്. എന്നാൽ, എസി 3-ടയർ: 3,645.44 കോടി രൂപ ലാഭം (2023-24ൽ ഇത് 2,501.07 കോടി രൂപയായിരുന്നു), എസി ചെയർ കാർ: 376.77 കോടി രൂപ ലാഭം എന്നിങ്ങനെയാണ് കണക്കുകൾ. അതേ സമയം, പണം നൽകി സൗകര്യപ്രദമായി യാത്ര ചെയ്യാൻ ആളുകൾ തയ്യാറാണെന്ന് ഈ സാമ്പത്തിക ലാഭം തെളിയിക്കുന്നു.

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

വന്ദേ ഭാരതിനോടുള്ള യാത്രക്കാരുടെ താത്പര്യം അനുദിനം വർധിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 2.97 കോടി ആളുകൾ യാത്ര ചെയ്ത സ്ഥാനത്ത് 2025- 26 ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 34% വർധിച്ച് 3.98 കോടിയായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019-ൽ ആരംഭിച്ചത് മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 1 ലക്ഷത്തിലധികം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാരാണ് വന്ദേ ഭാരതിൽ സഞ്ചരിച്ചത്. ഇതിൽ 73 ലക്ഷത്തിലധികം യാത്രക്കാരുമായി ദില്ലി- വാരാണസി റൂട്ടാണ് ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് ഇടനാഴിയായി മാറിയത്.

വന്ദേ ഭാരത് സ്ലീപ്പർ

പകൽ സമയത്തെ ചെയർ കാർ യാത്രകളിൽ മാത്രം ഒതുങ്ങാതെ രാത്രികാല ദീർഘദൂര യാത്രകൾക്കായി 2026 ജനുവരിയിലാണ് റെയിൽവേ 'വന്ദേ ഭാരത് സ്ലീപ്പർ' സർവീസ് അവതരിപ്പിച്ചത്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ 119 ട്രിപ്പുകളിലായി 1.21 ലക്ഷം യാത്രക്കാർ ഇതിൽ യാത്ര ചെയ്തു. 100 ശതമാനത്തിലധികം ഒക്യുപെൻസി നിരക്കാണ് (Occupancy rate) ഈ കാലയളവിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി ലാഭമുണ്ടാക്കുന്ന എസി 3-ടയർ വിഭാഗത്തിന് കൂടുതൽ ജനപ്രീതി നൽകാൻ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവ് സഹായിക്കും. നിലവിൽ 162-ലധികം വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുടനീളം ഓടുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന സർവീസുകൾ ഉണ്ടാകുമ്പോൾ തന്നെ, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി പാസഞ്ചർ മേഖലയിലെ സാമ്പത്തിക നഷ്ടം നികത്താനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

താരറാണി തൃഷയുടെ ആസ്തി: ഇന്ത്യയിലും വിദേശത്തും വീടുകൾ, ആഡംബര കാറുകൾ നിരവധി; സിനിമ-പരസ്യ വരുമാനം കോടികൾ
ഇന്‍സ്റ്റാഗ്രാമിലെ 'പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍' വഴി കോടികള്‍ വാരി ഇന്ത്യന്‍ താരങ്ങള്‍; സുഭശ്രീ സാഹു മുതല്‍ നേഹ ശര്‍മ്മ വരെ നേടുന്നത് ഞെട്ടിക്കുന്ന തുക