അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം? ഉൽപ്പന്നം തിരിച്ചുവിളിച്ച് വാൾമാർട്ട്

Published : Oct 23, 2021, 10:12 PM ISTUpdated : Oct 23, 2021, 10:28 PM IST
അമേരിക്കയിലെ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം? ഉൽപ്പന്നം തിരിച്ചുവിളിച്ച് വാൾമാർട്ട്

Synopsis

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയാണ് ഇപ്പോൾ ഭീതിയുടെയും വിവാദത്തിന്റെയും കേന്ദ്രബിന്ദുവായിരിക്കുന്നത്

ന്യൂയോർക്ക്: അമേരിക്കയിൽ (United States of America) വിവിധയിടങ്ങളിലുണ്ടായ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ (India) നിന്ന് കയറ്റി അയച്ച പെർഫ്യൂം (Perfume) എന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാൾമാർട്ട് (Walmart) ഈ പെർഫ്യൂം പിൻവലിച്ചിട്ടുണ്ട്. അമേരിക്കയിൽ നാല് പേർക്ക് മെലിയോയിഡോസിസ് രോഗം ബാധിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഈ നീക്കമുണ്ടായത്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയാണ് ഇപ്പോൾ ഭീതിയുടെയും വിവാദത്തിന്റെയും കേന്ദ്രബിന്ദുവായിരിക്കുന്നത്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന ഈ രോഗം വളരെ അപൂർവമാണ്. അമേരിക്കയിൽ വർഷത്തിൽ 12 പേർക്കാണ് രോഗം ബാധിക്കാറുള്ളത്. ജോർജിയ, കൻസാസ്, മിനസോട്ട, ടെക്‌സസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്കാണ് ഇപ്പോൾ രോഗം ബാധിച്ചത്. ഇതിൽ ജോർജിയയിൽ നിന്നുള്ള ഒരു കുട്ടി അടക്കം രണ്ട് പേരാണ് മരിച്ചത്.

രോഗത്തിന്റെ ഉറവിടം വ്യക്തമായി തെളിഞ്ഞിട്ടില്ല. എന്നാൽ രോഗബാധിതർ വിദേശത്ത് പോയിട്ടില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിൽ രോഗികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്പ്രേ കുപ്പിയിൽ ഈ രോഗത്തിന്റെ വാഹകരായ മെലിയോയിഡോസിസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യം സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വെളിപ്പെടുത്തി.

എന്നാൽ നാല് രോഗികളിലും കണ്ടെത്തിയ ബാക്ടീരിയ സ്പ്രേ കുപ്പിയിലേത് തന്നെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബാക്ടീരിയ കണ്ടെത്തിയ സ്പ്രേ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് വ്യക്തമായി. ഉഷ്ണമേഖലയിൽ കാണുന്ന രോഗാണുവാണ് മെലിയോയിഡോസിസ് എന്നതിനാൽ അമേരിക്കൻ ഏജൻസിയും തങ്ങളുടെ കണ്ടെത്തൽ ഏറെക്കുറെ ശരിയാണെന്ന നിഗമനത്തിലാണ്. 

ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ് എന്നാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പെർഫ്യൂമിന്റെ കുപ്പിയുടെ പുറത്തുള്ള ലേബൽ. 2021 ഫെബ്രുവരി മുതൽ ഇതുവരെ അമേരിക്കയിലെ 55 വാൾമാർട്ട് സ്റ്റോറുകളിലും വാൾമാർട്ടിന്റെ വെബ്‌സൈറ്റിലും ഈ സ്പ്രേ വിറ്റിരുന്നു. നാല് ഡോളറായിരുന്നു വില. വിവാദത്തിന് പിന്നാലെ ആറ് വ്യത്യസ്ത ഫ്ലേവറുകളിലെ 3900 കുപ്പി സ്പ്രേകൾ വാൾമാർട്ട് തിരിച്ചുവിളിച്ചു.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ