കൂനിന്‍മേല്‍ കുരുവായി യുദ്ധത്തിന് പുറമേ പൊള്ളുന്ന വെയിലും; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം

Published : Apr 28, 2026, 04:00 PM IST
Retail inflation

Synopsis

കടുത്ത ഉഷ്ണതരംഗവും കാലവര്‍ഷത്തിലെ കുറവും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കനത്ത വെല്ലുവിളികൾ ഉയർത്തുന്നു. ഊര്‍ജ്ജ പ്രതിസന്ധി, കാര്‍ഷിക ഉത്പാദനത്തിലെ കുറവ്, ഇന്ധനവില വർധന എന്നിവ ഭക്ഷ്യവിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്നാണ് ആശങ്ക. ആർബിഐയുടെ നിലപാടും രാജ്യത്തെ ഭക്ഷ്യ ശേഖരവും ഇതിൽ നിർണായകമായേക്കും.

കടുത്ത ഉഷ്ണതരംഗവും കാലവര്‍ഷത്തിലെ കുറവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കനത്ത വെല്ലുവിളിയാകുന്നു. ഊര്‍ജ്ജ പ്രതിസന്ധിക്കൊപ്പം കാര്‍ഷിക ഉത്പാദനം കുറയുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഇതിനു പിന്നാലെ, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന പ്രവചനം കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വര്‍ഷം പച്ചക്കറി വില കുറഞ്ഞതിനാല്‍ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍ ഇത്തവണ അത് 5 ശതമാനത്തിന് മുകളിലേക്ക് പോകാനാണ് സാധ്യത. റിസര്‍വ് ബാങ്ക് കണക്കാക്കിയ 4.6 ശതമാനത്തേക്കാള്‍ കൂടുതലായിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഭക്ഷ്യവില വര്‍ധിക്കാന്‍ സാധ്യത

ഉഷ്ണതരംഗവും മഴയിലെ കുറവും ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടിയേക്കും. രാജ്യത്തെ പണപ്പെരുപ്പ സൂചികയില്‍ 37 ശതമാനവും ഭക്ഷണസാധനങ്ങളാണ്. കൃഷിയിലെ ചെറിയ പാളിച്ചകള്‍ പോലും വിപണിയെ സാരമായി ബാധിക്കും.

ഇരട്ട പ്രഹരമായി ഇന്ധനവില

ഇറാന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലായതും തിരിച്ചടിയാണ്. മഴ കുറയുമ്പോള്‍ കര്‍ഷകര്‍ക്ക് ജലസേചനത്തിനായി ഡീസല്‍ പമ്പുകളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ഇത് കാര്‍ഷിക ചിലവ് വര്‍ദ്ധിപ്പിക്കും. ഈ അധികബാധ്യത ഉത്പന്നങ്ങളുടെ വിലയിലൂടെ സാധാരണക്കാരിലേക്ക് എത്തും.

റിസര്‍വ് ബാങ്കിന്റെ നിലപാട്

പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ നിലവിലെ സ്ഥിതി തുടരാനാണ് ആര്‍.ബി.ഐയുടെ തീരുമാനം. ഈ സാമ്പത്തിക വര്‍ഷം രാജ്യം 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മഴ കുറയുന്നത് തുടര്‍ന്നാല്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മുന്‍പ് 2023 ല്‍ മഴ 5.4 ശതമാനം കുറഞ്ഞപ്പോള്‍ ഭക്ഷ്യ പണപ്പെരുപ്പം 8 ശതമാനമായി ഉയര്‍ന്നിരുന്നു.

പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്

അതേസമയം, രാജ്യത്തുള്ള അരിയുടെയും ഗോതമ്പിന്റെയും വന്‍ ശേഖരം വിലക്കയറ്റം തടയാന്‍ സഹായിക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളും കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തുകളും കൃഷിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് 30 ശതമാനം വരള്‍ച്ചാ സാധ്യത പ്രവചിക്കുന്നുണ്ട്. വിതയ്ക്കല്‍ നടക്കുന്ന ഈ പ്രധാന മാസങ്ങളില്‍ മഴ ചതിച്ചാല്‍ രാജ്യത്തെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാകും.

PREV
Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിലെ വൈന്‍ ഇന്ത്യയിലേക്ക്; നികുതിയിളവോടെ വൈന്‍ ഇനി അതിര്‍ത്തി കടക്കും
പേടിക്കാനുണ്ട്! ഡിജിറ്റലൈസഷന്‍ പണി കളഞ്ഞു; ആക്‌സിസ് ബാങ്ക് വെട്ടിക്കുറച്ചത് 3000 ജീവനക്കാരെ, സാങ്കേതികവിദ്യ കരുത്തായെന്ന് ബാങ്ക്