'ഞങ്ങൾ ടെസ്‌ലയെ പോലെ'; കൂപ്പുകുത്തിയ പേടിഎമ്മിനെ കുറിച്ച് സിഇഒ വിജയ് ശേഖർ ശർമ

By Web TeamFirst Published Nov 23, 2021, 12:01 AM IST
Highlights

ഓഹരി വിപണിയിൽ നിലയുറപ്പിക്കും മുൻപേ കൂപ്പുകുത്തിയ പേടിഎമ്മിനെ ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലയുമായി താരതമ്യം ചെയ്ത് സിഇഒയും സ്ഥാപകരിലൊരാളുമായ വിജയ് ശേഖർ ശർമ. സ്വന്തം ജീവനക്കാരോട് കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇദ്ദേഹം പ്രേരിപ്പിച്ചെന്നാണ് വിവരം

ദില്ലി: ഓഹരി വിപണിയിൽ നിലയുറപ്പിക്കും മുൻപേ കൂപ്പുകുത്തിയ പേടിഎമ്മിനെ ആഗോള ഇലക്ട്രിക് വാഹന നിർമ്മാണ ഭീമൻ ടെസ്‌ലയുമായി താരതമ്യം ചെയ്ത് സിഇഒയും സ്ഥാപകരിലൊരാളുമായ വിജയ് ശേഖർ ശർമ. സ്വന്തം ജീവനക്കാരോട് കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇദ്ദേഹം പ്രേരിപ്പിച്ചെന്നാണ് വിവരം. എന്നാൽ 27 ശതമാനമാണ് കമ്പനിയുടെ ഓഹരി വ്യാഴാഴ്ച മാത്രം ഇടിഞ്ഞത്. ഇന്നും ഓഹരി വിപണിയിൽ കുത്തനെ കൂപ്പുകുത്തിയതാണ് പേടിഎം ഓഹരികൾ.

തുടക്കത്തിലെ ഇടിവ് കാര്യമാക്കേണ്ടെന്നാണ് വിജയ് ശേഖർ ശർമ്മയുടെ വാദം. ദീർഘകാല നേട്ടം നിക്ഷേപകർക്ക് തന്നെയാകുമെന്ന് അദ്ദേഹം വാദിക്കുന്നു. ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ്സ് വിപണി വളരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ഇലോൺ മുസ്കിന്റെ ടെസ്ല കമ്പനിയുടെ ഓഹരി തുടക്കത്തിൽ ഇടിഞ്ഞതാണെന്നും വർഷങ്ങളോളം സമയമെടുത്താണ് ഓഹരി വില കുതിച്ചുയർന്ന് ലോകത്തിലെ ഒന്നാമത്തെ കമ്പനിയായി ടെസ്‌ല മാറിയതെന്നും അദ്ദേഹം പറഞ്ഞു.

വൺ 97 കമ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. ഇന്ന് ഈ കമ്പനിയുടെ ഓഹരി മൂല്യം 17 ശതമാനമാണ് ഇടിഞ്ഞത്. ഐപിഒയിൽ 2150 രൂപയ്ക്കാണ് ഓഹരികൾ വിറ്റത്. ഇത് കഴിഞ്ഞ രണ്ട് വിപണി ദിവസങ്ങളിലായി 40 ശതമാനത്തോളം ഇടിഞ്ഞു. 2020 ജൂലൈയിൽ ടെസ്ലയെ ശർമ പ്രകീർത്തിച്ചിരുന്നു. അന്ന് ടൊയോറ്റ മോട്ടോർ കോർപറേഷനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാണ കമ്പനിയായി ടെസ്ല വളർന്നതായിരുന്നു ഇതിന് കാരണം. 

2010 ൽ ഐപിഒയുടെ തൊട്ടടുത്ത ദിവസം 41 ശതമാനത്തോളം ടെസ്‌ലയുടെ ഓഹരി മൂല്യം ഉയർന്നിരുന്നു. എന്നാൽ പിന്നീട് മൂല്യമിടിഞ്ഞ് നാല് ഡോളർ വരെയായി. പക്ഷെ അവിടെ നിന്ന് ഇന്ന് ഒരു ലക്ഷം കോടി ഡോളർ വിപണി മൂലധനമുള്ള കമ്പനിയായി ടെസ്‌ല മാറി.

click me!