പാല്‍വില ഇനിയും കൂടും, പച്ചക്കറി വിലയും കുതിക്കും; കാലവര്‍ഷം ചതിച്ചാല്‍ കാത്തിരിക്കുന്നത് വന്‍ വിലക്കയറ്റം

Published : Jun 30, 2026, 04:15 PM IST
milk

Synopsis

കാലവര്‍ഷം ദുര്‍ബലമാകുന്നത് കാര്‍ഷിക, ക്ഷീര മേഖലകളെ ബാധിക്കുന്നതിനാല്‍ പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയുടെ വില ഉയര്‍ന്നേക്കാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

മഴയും പലചരക്ക് ബില്ലും തമ്മില്‍ എന്ത് ബന്ധം? ബന്ധമുണ്ട്. മഴ കുറഞ്ഞാല്‍ അടുക്കള ബജറ്റ് താളംതെറ്റുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ജൂലൈ, ഓഗസ്റ്റ് മാസങ്ങളോടെ കുതിച്ചുയര്‍ന്നേക്കാം. കാലവര്‍ഷം ദുര്‍ബലമാകുന്നത് കാര്‍ഷിക, ക്ഷീര മേഖലകളെ സാരമായി ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

പാല്‍വില വീണ്ടും ഉയരുമോ?

ക്ഷീര മേഖലയിലെ വിദഗ്ധരാണ് പാല്‍വില വര്‍ദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനകം തന്നെ പാല്‍വിലയില്‍ 2-3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും, പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ മഴ ഇനിയും കുറഞ്ഞാല്‍ ജൂലൈയോടെ 3-4 ശതമാനം കൂടി വില ഉയര്‍ന്നേക്കാമെന്നും പരാഗ് മില്‍ക്ക് ഫുഡ്സ് ചെയര്‍മാന്‍ ദേവേന്ദ്ര ഷാ വ്യക്തമാക്കി. കാലിത്തീറ്റ, പാക്കേജിങ്, ഇന്ധനം എന്നിവയുടെ അടക്കം ഉല്‍പ്പാദനച്ചെലവ് കൂടിയെന്ന് ചൂണ്ടിക്കാട്ടി അമുല്‍, മദര്‍ ഡയറി തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ മേയ് 14-ന് പാല്‍വില കൂട്ടിയിരുന്നു. മില്‍മയും പാല്‍ വില വര്‍ധിപ്പിച്ചിരുന്നു. കാലവര്‍ഷം ദുര്‍ബലമായാല്‍ പശുക്കള്‍ക്കുള്ള പച്ചപ്പുല്ലും വെള്ളവും കുറയും. ഇത് വീണ്ടും കാലിത്തീറ്റയുടെ വില കൂട്ടുകയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഇതോടെ പാല്‍ മാത്രമല്ല, തൈര്, പനീര്‍, വെണ്ണ, നെയ്യ്, ചീസ് എന്നിവയുടെയെല്ലാം വില കുതിച്ചുയരാന്‍ കാരണമാകും.

മഴക്കുറവും കൃഷിയും

2026-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിയേക്കാള്‍ കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കൂ. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ കുറയാന്‍ 84 ശതമാനമാണ് സാധ്യത. രാജ്യത്ത് നിലവില്‍ തന്നെ വിലക്കയറ്റം രൂക്ഷമാണ്. മേയ് മാസത്തിലെ കണക്കുകള്‍ പ്രകാരം ചില്ലറ വിലക്കയറ്റം 3.93 ശതമാനവും, ഭക്ഷ്യവിലക്കയറ്റം 4.78 ശതമാനവുമാണ്. മഴ വൈകിയത് കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 18.27 ദശലക്ഷം ഹെക്ടറില്‍ മാത്രമാണ് വേനല്‍ക്കാല വിളകള്‍ ഇറക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 23 ശതമാനം കുറവാണ്. ജൂണ്‍ 1 മുതല്‍ ലഭിച്ച മഴയില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായതോടെ നെല്ല്, സോയാബീന്‍, ചോളം, പരുത്തി എന്നിവയുടെ കൃഷിയും മോശമാണ്.

പയറുവര്‍ഗങ്ങള്‍, പച്ചക്കറി

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയുടെ ലഭ്യതയായിരിക്കും വരുംമാസങ്ങളിലെ ഭക്ഷ്യവിലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകം. ശക്തമായ 'എല്‍ നിനോ' പതിഭാസം ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്നും, താപനില കൂടിയ ശൈത്യകാലമുണ്ടായാല്‍ അത് ഖാരിഫ്, റാബി കൃഷികളെ ദോഷകരമായി ബാധിക്കുമെന്നും കാര്‍ഷിക വിദഗ്ധനായ ശശികാന്ത് സിങ് പറയുന്നു.

മഴക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുക പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ചോളം എന്നിവയെയാണ്. മഴ കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ തുവരപ്പരിപ്പ് പോലുള്ളവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറയും. സോയാബീന്‍ കൃഷി മോശമായാല്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരും. വിതരണ ശൃംഖല തടസ്സപ്പെട്ടാല്‍ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലയും കുത്തനെ ഉയരും.

ആശ്വാസമായി ഗോതമ്പും അരിയും

എന്നാല്‍ അരി, ഗോതമ്പ് എന്നിവയുടെ കാര്യത്തില്‍ തല്‍ക്കാലം ആശങ്കപ്പെടേണ്ടതില്ല. മികച്ച ജലസേചന സൗകര്യങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ള വലിയ കരുതല്‍ ശേഖരവും ഇവയുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. എല്‍ നിനോ പ്രതിഭാസം എപ്പോഴും വലിയ വിലക്കയറ്റത്തിന് കാരണമാകണമെന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ രാജ്യം ഇപ്പോള്‍ കൂടുതല്‍ സജ്ജമാണെങ്കിലും, പാല്‍, പച്ചക്കറി തുടങ്ങിയ വേഗത്തില്‍ കേടാകുന്ന സാധനങ്ങളുടെ വിലയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധം നല്‍കിയ പാഠം; കിതയ്ക്കാതിരിക്കാൻ ഇന്ത്യയുടെ വമ്പൻ 'മാസ്റ്റർ പ്ലാൻ', ഒരു മാസത്തേക്കുള്ള ഇന്ധനം 'സ്റ്റോക്ക്' ചെയ്യാന്‍ പദ്ധതി
രാത്രി പകലാകുന്ന ആവേശത്തിനൊപ്പം തീറ്റയും! ലോകകപ്പ് വൈബിൽ ആരാധകർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന ഫുഡ്, കൗതുക പട്ടികയുമായി സ്വിഗ്ഗി