യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടാകുന്ന ഇന്ധന പ്രതിസന്ധി ഒഴിവാക്കാൻ, ഒരു മാസത്തേക്ക് രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ വലിയ കരുതൽ ശേഖരം ഒരുക്കാൻ ഇന്ത്യയുടെ പദ്ധതി. നിലവിലെ ക്രൂഡ് ഓയിൽ ശേഖരം 120 ദശലക്ഷം ബാരലായി ഉയർത്താനും, സുരക്ഷാ വെല്ലുവിളികളുള്ള എൽപിജി, എൽഎൻജി എന്നിവയുടെ സംഭരണം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
യുദ്ധത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ ഇന്ധന പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയില്‍, പാചകവാതകം, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ വന്‍ കരുതല്‍ ശേഖരം ഒരുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പദ്ധതിക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും, ഭൂഗര്‍ഭ അറകളിലാണോ അതോ ഭൂമിക്ക് മുകളിലാണോ ഇവ സൂക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കാനും പെട്രോളിയം മന്ത്രാലയം ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കിക്കഴിഞ്ഞു.
ഇരുട്ടടിയായ ഗള്‍ഫ് പ്രതിസന്ധി
അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധി ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ധനക്കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായി അടഞ്ഞതോടെ ഇന്ധന ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയുടെ വലിയ പോരായ്മയാണ് തുറന്നുകാട്ടപ്പെട്ടത്. പ്രതിസന്ധി രൂക്ഷമായ സമയത്ത് രാജ്യത്ത് ഡീസല്‍, എല്‍പിജി, ഗ്യാസ് എന്നിവയുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരുന്നു.
ലക്ഷ്യം 120 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍
നിലവില്‍ ഇന്ത്യയ്ക്ക് ഏകദേശം 39 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരമാണുള്ളത്. ഇത് വെറും എട്ട് ദിവസത്തെ ആവശ്യങ്ങള്‍ക്ക് മാത്രമേ തികയുകയുള്ളൂ. ഏഷ്യയിലെ മറ്റൊരു വമ്പനായ ചൈനയുടെ കരുതല്‍ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ തുച്ഛമാണ്. എങ്കിലും എണ്ണ ശുദ്ധീകരണ ശാലകളിലും പെട്രോള്‍ പമ്പുകളിലുമുള്ള ശേഖരം കൂടി കണക്കാക്കിയാല്‍ 70 ദിവസത്തിലധികം ഉപയോഗിക്കാനുള്ള എണ്ണ രാജ്യത്തുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലെ ഭൂഗര്‍ഭ അറകള്‍ വികസിപ്പിച്ച് കരുതല്‍ ശേഖരം ഇരട്ടിയിലധികമാക്കാനാണ് പുതിയ പദ്ധതി. ശേഖരം കുറഞ്ഞത് 120 ദശലക്ഷം ബാരലായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
വെല്ലുവിളിയായി എല്‍പിജിയും എല്‍എന്‍ജിയും
സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പാചകവാതകത്തിനും എല്‍എന്‍ജിക്കും രാജ്യത്ത് നിലവില്‍ കാര്യമായ കരുതല്‍ ശേഖരമില്ല. എല്‍പിജി വലിയ മര്‍ദ്ദത്തില്‍ ദ്രാവകരൂപത്തിലും എല്‍എന്‍ജി കൊടും തണുപ്പിലുമാണ് സൂക്ഷിക്കേണ്ടത് എന്നതിനാല്‍ ചോര്‍ച്ചയോ പൊട്ടിത്തെറിയോ ഒഴിവാക്കാന്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള തക്ഷശില ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ എല്‍പിജി സ്റ്റോറേജ് കപ്പാസിറ്റി വെറും 1.4 ലക്ഷം ടണ്‍ മാത്രമാണ്. കിഴക്ക്- പടിഞ്ഞാറന്‍ തീരങ്ങളിലെ പാറക്കെട്ടുകളുള്ള ഭൂഗര്‍ഭ അറകളിലുള്ള ഈ ശേഖരം വെറും രണ്ട് ദിവസത്തെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് മാത്രമേ തികയൂ. സംഭരണത്തിലെ ഈ സങ്കീര്‍ണ്ണതയും വലിയ ചിലവും കാരണം കൃത്യമായ ഇടവേളകളിലുള്ള ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാലിപ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി എല്‍പിജി ശേഖരം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ ശുദ്ധീകരണ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്യാസിന്റെ കാര്യത്തില്‍ നിലവില്‍ യാതൊരു കരുതല്‍ ശേഖരവുമില്ല എന്നത് വെല്ലുവിളിയാണ്. അതിനാല്‍ തങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായതിനേക്കാള്‍ 10% കൂടുതല്‍ എല്‍എന്‍ജി സംഭരിക്കാന്‍ ടെര്‍മിനലുകളോട് നിര്‍ദ്ദേശിക്കുന്ന ഒരു കരട് നയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ആവശ്യമുള്ളപ്പോള്‍ സര്‍ക്കാര്‍ ഇത് ഏറ്റെടുക്കും. പെട്രോനെറ്റ് എല്‍എന്‍ജി പോലുള്ള ഇറക്കുമതിക്കാര്‍ ഇപ്പോള്‍ തന്നെ പുതിയ സ്റ്റോറേജ് ടാങ്കുകള്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്.


