
വ്യാപാരക്കമ്മിയും കുടിയേറ്റവും ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി. പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയുടെ സുപ്രധാന വിധി. അതേസമയം, വിധി രാജ്യത്തിന്റെ നാശത്തിന് വഴിവെക്കുമെന്ന് ട്രംപ് പ്രതികരിച്ചു. യുഎസ് ഭരണഘടനയനുസരിച്ച് നികുതികളും താരിഫുകളും ചുമത്താനുള്ള അധികാരം കോണ്‍ഗ്രസിനാണ്. എന്നാല്‍ ട്രംപ് ഈ അധികാരം മറികടന്ന് ഏകപക്ഷീയമായി താരിഫുകള്‍ ചുമത്തുകയായിരുന്നു. വ്യാപാരക്കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഏപ്രിലില്‍ മിക്ക രാജ്യങ്ങള്‍ക്കും 10% അധിക തീരുവ ഏര്‍പ്പെടുത്തിയത്. വ്യാപാരക്കമ്മി കൂടുതലുള്ള രാജ്യങ്ങള്‍ക്ക് 50% വരെ 'പരസ്പര തീരുവ'യും ചുമത്തി. നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്‌സിക്കോയും ചൈനയും വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ഈ രാജ്യങ്ങള്‍ക്കെതിരെ ഫെബ്രുവരിയില്‍ താരിഫ് ചുമത്തിയതും ഇതേ നിയമം ഉപയോഗിച്ചായിരുന്നു.
എന്നാല്‍, ട്രംപ് ഈ നടപടികള്‍ക്ക് നിയമപരമായ അടിത്തറയായി ചൂണ്ടിക്കാട്ടിയ 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്സ് ആക്ട് (IEEPA) അദ്ദേഹത്തിന് താരിഫുകള്‍ ചുമത്താന്‍ അധികാരം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നിയമം രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ടെങ്കിലും, അതില്‍ താരിഫുകള്‍ ചുമത്താനുള്ള അധികാരം വ്യക്തമായി പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ കോടതി വിധി. ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികളെ അനിശ്ചിതത്വത്തിലാക്കിയതും രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായതുമായ അദ്ദേഹത്തിന്റെ വ്യാപാര നയങ്ങള്‍ക്കെതിരെയുള്ള പ്രധാനപ്പെട്ട നീക്കമാണിത്.
ഏതൊക്കെ താരിഫുകളാണ് കോടതി റദ്ദാക്കിയത്?
ഏപ്രിലില്‍ മിക്കവാറും എല്ലാ യുഎസ് വ്യാപാര പങ്കാളികള്‍ക്കും മേല്‍ ട്രംപ് ചുമത്തിയ താരിഫുകളും, അതിനുമുമ്പ് ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവകളും കോടതി വിധിയുടെ പരിധിയില്‍ വരും. ഏപ്രില്‍ 2-ന് 'വിമോചന ദിനം' എന്ന് പേരിട്ട് അദ്ദേഹം പ്രഖ്യാപിച്ച 50% വരെയുള്ള തീരുവ , മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 10% അടിസ്ഥാന താരിഫ് എന്നിവയെല്ലാം ഈ വിധിയില്‍ ഉള്‍പ്പെടും.
വ്യാപാര കരാറുകള്‍ക്കായി യുഎസുമായി ചര്‍ച്ച നടത്താന്‍ സമയം നല്‍കിക്കൊണ്ട് ട്രംപ് ഈ 'പരസ്പര തീരുവ' 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതിനുശേഷം, ബ്രിട്ടന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ട്രംപുമായി കരാറുകളില്‍ ഒപ്പുവെക്കുകയും വലിയ താരിഫുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ വഴങ്ങാത്ത രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തി. ഉദാഹരണത്തിന് ലാവോസിന് 40% ഉം അള്‍ജീരിയക്ക് 30% ഉം താരിഫ് ചുമത്തി. ഈ രാജ്യങ്ങള്‍ക്ക് മേലുള്ള അടിസ്ഥാന താരിഫുകള്‍ നിലനിര്‍ത്തുകയും ചെയ്തു.
വിധി ട്രംപിന്റെ വ്യാപാര അജണ്ടയെ എങ്ങനെ ബാധിക്കും?
താരിഫ് നയങ്ങള്‍ തുടരാന്‍ ട്രംപിന് മറ്റ് ചില നിയമങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും, അതിന് വേഗതയും തീവ്രതയും കുറവായിരിക്കും. ഉദാഹരണത്തിന്, 1974-ലെ ട്രേഡ് ആക്ട് പ്രകാരം വ്യാപാരക്കമ്മി കുറയ്ക്കാന്‍ പ്രസിഡന്റിന് താരിഫുകള്‍ ചുമത്താന്‍ പരിമിതമായ അധികാരമുണ്ട്. എന്നാല്‍ ഈ നിയമം 15% താരിഫുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 150 ദിവസത്തേക്ക് മാത്രമാണ് ഇതിന് കാലാവധിയുള്ളത്. ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ട് ഓഫ് 1962-ന്റെ സെക്ഷന്‍ 232 ഉപയോഗിച്ച് താരിഫുകള്‍ ചുമത്താനും ട്രംപിന് കഴിയും. ഇത് വിദേശ സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയ്ക്ക് താരിഫുകള്‍ ചുമത്തിയതിന് സമാനമാണ്. എന്നാല്‍ ഇതിന് വാണിജ്യ വകുപ്പിന്റെ അന്വേഷണം ആവശ്യമാണ്.
അപ്പീല്‍ കോടതി വിധി ട്രംപിന് വലിയ തിരിച്ചടിയാണെങ്കിലും, താരിഫുകള്‍ ഉടന്‍ റദ്ദാക്കുന്നില്ല. ഒക്ടോബര്‍ 14 വരെ താരിഫുകള്‍ നിലനിര്‍ത്താന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ട്രംപ് ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയെ സമീപിക്കാനാകും. താരിഫുകള്‍ റദ്ദാക്കിയാല്‍, അമേരിക്കന്‍ ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം. 159 ബില്യണ്‍ ഡോളറിന്റെ താരിഫ് വരുമാനം ഇതിനകം ശേഖരിച്ചിട്ടുണ്ട്. താരിഫുകള്‍ റദ്ദാക്കിയാല്‍ ഈ തുക തിരികെ നല്‍കേണ്ടിവരും. കൂടാതെ, താരിഫുകള്‍ ഇല്ലാതാകുന്നത് അമേരിക്കയെ സാമ്പത്തികമായി ദുര്‍ബലമാക്കുമെന്നും ഇത് രാജ്യത്തിന്റെ നാശത്തിന് വഴിവെക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അപ്പീല്‍ കോടതി വിധി മറ്റ് താരിഫുകളെ ബാധിക്കുമോ?
ഈ കോടതി വിധി എല്ലാ താരിഫുകള്‍ക്കും ബാധകമല്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയ ശേഷം വിദേശ സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ എന്നിവയ്ക്ക് ചുമത്തിയ താരിഫുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കെതിരെ ട്രംപ് ആദ്യ ടേമില്‍ ചുമത്തിയ താരിഫുകളെയും ഈ വിധി ബാധിക്കില്ല. ഈ താരിഫുകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിലനിര്‍ത്തിയിരുന്നു.
ഇന്ത്യക്ക് സമ്മിശ്ര ഫലം
വിധി ഇന്ത്യക്ക് സമ്മിശ്ര ഫലമാണുണ്ടാക്കുക. ഇന്ത്യക്കെതിരെ ആദ്യം ചുമത്തിയ 25 ശതമാനം തീരുവകള്‍ നീക്കം ചെയ്യാന്‍ ഇത് വഴിയൊരുക്കുന്നു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവയെ ഇത് ബാധിക്കാന്‍ സാധ്യതയില്ല.