ദാവൂദ് ഇബ്രാഹിമിനുവേണ്ടി പണമിറക്കുന്ന അൽതാഫ് ഖനാനി എന്ന പാക് ബിസിനസുകാരന്റെ ഗുജറാത്ത് കണക്ഷൻ എന്താണ്?

By Web TeamFirst Published Sep 21, 2020, 2:15 PM IST
Highlights

 ഭീകര സംഘടനകൾക്ക് പുറമെ മയക്കുമരുന്ന് കള്ളക്കടത്ത് കാർട്ടലുകൾക്കും അൽതാഫ് ഖനാനി പണം നൽകിയതായി സംശയമുണ്ട്.
 

അൽതാഫ് ഖനാനി. ആൾ ധനികനാണ്, പാകിസ്ഥാനി പൗരനാണ്. അമേരിക്കൻ ട്രഷറി ഡിപ്പാർട്ടുമെന്റിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന നെറ്റ്‌വർക്ക് ആയ ഫിൻസെൻ - Financial Crimes Enforcement Network (FinCEN) - കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ  വളരെ പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ ഇയാളെക്കുറിച്ചാണ്. ഈ പാകിസ്ഥാനി ബിസിനസ്മാനുമായി ബന്ധപ്പെട്ടുകൊണ്ട് വ്യാപാരബന്ധങ്ങൾ ഉള്ള മറ്റു പലരുടെയും പേരുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും, അത് പല രാജ്യങ്ങളിലെയും രാഷ്ട്രീയമണ്ഡലങ്ങളിൽ ചെറുതല്ലാത്ത കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പറയപ്പെടുന്നത്. 

ദാവൂദ് ഇബ്രാഹിം എന്ന ആഗോള ഭീകരന് വേണ്ട ടെറർ ഫണ്ടിങ് നടത്തുന്നവരിൽ പ്രധാനി  അൽതാഫ് ഖനാനിയാണ് എന്നാണ് ഫിൻസെൻ പറയുന്നത്. ഇയാൾക്ക് മറ്റുള്ള ആഗോള തീവ്രവാദ സംഘടനകളുമായും ബന്ധങ്ങളുണ്ട് എന്നാണ് അവർ പറയുന്നത്. വർഷങ്ങളായി തട്ടിപ്പു കമ്പനികളുടെയും, തട്ടിപ്പ് ഡീലുകളുടെയും മറവിൽ 16 ബില്യൺ ഡോളർ വർഷാവർഷം ഭീകര സംഘടനകൾക്കുള്ള മൂലധനമായി ഇറക്കുന്നുണ്ട് ഖനാനി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ഫണ്ട് ചെയ്യുന്ന ഭീകര സംഘടനകളിൽ അൽ ഖായിദ, ഹിസ്ബുള്ള, താലിബാൻ, അൽ ശബാബ് എന്നിങ്ങനെയുള്ള പല കുപ്രസിദ്ധ സംഘടനകളുമുണ്ട്. 

2015 -ൽ പാനമയിലെ എയർപോർട്ടിൽ നിന്ന് അറസ്റ്റിലായ ഖനാനി മിയാമി ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു അന്ന്. ഈ ജൂലൈയിലാണ് അയാളെ അമേരിക്കയ്ക്ക് കൈമാറിയത്. ഈ കൈമാറ്റത്തിന് ശേഷമാണ് ഖനാനിയും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ടെറർ ലിങ്കുകൾ പുറത്തുവരുന്നത്. ഖനാനി ഫണ്ടിങ് നടത്തിയിട്ടുള്ള പല ഭീകരവാദ സംഘടനകളും ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയിട്ടുള്ളവയാണ്. ഇയാളെ ചോദ്യം ചെയ്തതിലൂടെ പുറത്തു വന്നിട്ടുള്ള വിവരങ്ങൾ നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾക്കും ഏറെ വിലപ്പെട്ടതാണ്. 

ഭീകരവാദികളുടെ ഈ പ്രിയ മണി ലോൺഡ്രർക്ക് ഒരു ഗുജറാത്ത് കണക്ഷനുമുണ്ട്. ഗുജറാത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയ ഖനാനിയുടെ പൂർവികർ മേമൻ കുടുംബത്തിൽ പെട്ടവരാണ്. ഖനാനിയുടെ അച്ഛൻ അബ്ദുൽ സത്താർ ഖനാനിക്ക് രോമക്കുപ്പായങ്ങളുടെ വ്യാപാരമായിരുന്നു ഉപജീവനമാർഗം. വിഭജനാനന്തരം ഇയാൾ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്ക് കുടിയിയേറുകയാണുണ്ടായത്. അൽത്താഫിന്റെ ജാവേദ് ഖനാനി എന്നുപേരുള്ള ഇരട്ട സഹോദരൻ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അൽത്താഫിന്റെ കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിൽ പങ്കാളിയായിരുന്നു ജാവേദും എന്നാണ് പറയപ്പെടുന്നത്. ഇവർ ചേർന്ന് നടത്തിയിരുന്ന ഖനാനി ആൻഡ് കാലിയ ഇന്റർനാഷണൽ എന്ന സ്ഥാപനം വഴിയാണ് ഭീകരവാദത്തിന് വേണ്ടിയുള്ള കള്ളപ്പണം വെളുപ്പിക്കൽ ഇവർ നടത്തിയിരുന്നത്. ഭീകര സംഘടനകൾക്ക് പുറമെ മയക്കുമരുന്ന് കള്ളക്കടത്ത് കാർട്ടലുകൾക്കും അൽതാഫ് ഖനാനി പണം നൽകിയതായി സംശയമുണ്ട്.

ഇന്ത്യയിലെ ബാങ്കുകളുടെ ചില വിദേശ ശാഖകളിൽ ഖനാനിയുടെ ചില കമ്പനികൾ, ഇന്ത്യയിൽ പ്രവർത്തനമുള്ള മറ്റു ചില വസ്ത്ര കയറ്റിറക്കുമതി സ്ഥാപനങ്ങളുമായി കോടികളുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ഫയൽ ചെയ്ത 'സസ്പീഷ്യസ് ആക്ടിവിറ്റിസ് റിപ്പോർട്ട്' - SAR പറയുന്നുണ്ട്. ഖനാനിയുടെ ദാവൂദ് ബന്ധം ഫിൻസെൻ റിപ്പോർട്ടിൽ പരാമര്ശവിഷയമായതോടെ ഇയാളുമായി ബന്ധമുള്ള സകല ഇടപാടുകളിലും തുടരന്വേഷണങ്ങൾ വരും ദിനങ്ങളിൽ ഇനിയും പ്രതീക്ഷിക്കാം. 

click me!