ചൈനക്കിട്ട് ട്രംപിന്റെ പണി; തീരുവ കൂട്ടിയത് ആർക്കൊക്കെ തിരിച്ചടി? ലോകം മാന്ദ്യത്തിലേക്കോ

Published : Oct 12, 2025, 05:56 PM IST
china donald trump

Synopsis

ഇലക്‌ട്രോണിക്‌സ് ഘടകങ്ങളും അസംസ്‌കൃത വസ്തുക്കളും ഇരു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കും What s next as Donald Trump slaps additional 100 pc tariff on China

ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം വീണ്ടും കടുക്കുകയാണ്. വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 100 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതോടെ ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

ഇലക്‌ട്രിക് വാഹനങ്ങൾ, സ്മാർട്ട്‌ഫോണുകൾ, സൈനിക ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളായ 'അപൂർവ ധാതുക്കളുടെ' കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ ന്യായം. പുതിയ തീരുവകളും, സുപ്രധാന സോഫ്റ്റ്‌വെയറുകൾക്കായുള്ള യുഎസ് കയറ്റുമതി നിയന്ത്രണങ്ങളും നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും.

നിലവിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം തീരുവയാണ് യുഎസ് ചുമത്തുന്നത്. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈന 10 ശതമാനം നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയതായി പ്രഖ്യാപിച്ച 100 ശതമാനം നികുതി ഫലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മിക്ക ഉഭയകക്ഷി വ്യാപാരങ്ങളെയും പൂർണ്ണമായി തടസ്സപ്പെടുത്തും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ മറ്റൊരു മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

റെയർ എർത്ത് മിനറൽസ് എന്ന ചൈനീസ് ആയുധം

പുനരുപയോഗ ഊർജ്ജം മുതൽ പ്രതിരോധം വരെയുള്ള വ്യവസായങ്ങൾക്ക് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന പ്രത്യേക അനുമതി നിർബന്ധമാക്കുകയും ഖനന, ശുദ്ധീകരണ സാങ്കേതിക വിദ്യകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.

അപൂർവ ധാതുക്കളുടെ വിതരണ ശൃംഖലയിലുള്ള ആധിപത്യം ഉപയോഗിച്ച് ചൈന "ലോകത്തെ ബന്ദിയാക്കുകയാണ്" എന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

ഷി ജിൻപിങ്-ട്രംപ് കൂടിക്കാഴ്ച അനിശ്ചിതത്വത്തിൽ

നയതന്ത്ര ബന്ധങ്ങൾക്കും ഈ തീരുമാനം മങ്ങലേൽപ്പിച്ചു. ഈ മാസം അവസാനം ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷ അസ്തമിച്ചു.

ഇന്ത്യയ്‌ക്കും തിരിച്ചടി ആകുമോ?

പണപ്പെരുപ്പവും, ഭൗമ രാഷ്‌ട്രീയ അസ്ഥിരതയും ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനിടെ യുഎസ്-ചൈന വ്യാപാര സംഘർഷം കൂടുതൽ കടുക്കുന്നത് ആശങ്ക ഉയർത്തുന്നു. ഇലക്‌ട്രോണിക്‌സ് ഘടകങ്ങളും അസംസ്‌കൃത വസ്തുക്കളും ഇരു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കാനും സാധനങ്ങളുടെ വില കുത്തനെ ഉയർത്താനും ഇത് കാരണമായേക്കാം.

ആഗോള തലത്തിൽ ഉൽപാദനത്തിന്റെ 70% ഉം, അപൂർവ ധാതുക്കളുടെ ശുദ്ധീകരണത്തിന്റെ 90% ഉം ചൈനയുടെ കൈകളിലാണ്. ഗ്രീൻ ടെക്നോളജി, പ്രതിരോധ സാങ്കേതിക വിദ്യകൾ എന്നിവയിൽ നിർണായകമായ ഈ ഘടകങ്ങൾ ആധുനിക ഭൗമ രാഷ്‌ട്രീയത്തിലെ തന്ത്രപ്രധാനമായ ആസ്‌തിയാണ്. 

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?