
രാജ്യത്തെ ഓരോ നികുതിദായകന്റെയും പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ഇന്ത്യയിൽ ആദ്യമായി പാൻ കാർഡ് അവതരിപ്പിച്ചത് എപ്പോഴാണെന്ന് അറിയാമോ? രാജ്യത്ത് പാൻ കാർഡ് പാൻ ആദ്യമായി അവതരിപ്പിച്ചത് 1972 ലാണ്. എന്നാൽ ഇത് നിയമാനുസൃതമാക്കിയത് 1976 ലാണ്. അതുവരെ ആദായനികുതി വകുപ്പ് ഒരു ജനറൽ ഇൻഡെക്സ് രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജിഐആർ നമ്പർ ആയിരുന്നു നികുതിദായകന് നൽകിയിരുന്നത്. പാൻ കാർഡ് നമ്പറുകൾ 1985 വരെ നൽകിയിരുന്നത് മാനുവലായിട്ടായിരുന്നു. ഈ നമ്പറുകൾ ആധികാരികമായിട്ടല്ല എന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഈ രീതിയിലുള്ള പാൻ നമ്പറുകൾ നൽകുന്നത് അവസാനിപ്പിച്ചു. അമേരിക്ക, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ പാൻ കാർഡിന് സമാനമായ സംവിധാനത്തെ കുറിച്ച് പഠിച്ചതിന് ശേഷം 1995 ൽ നിലവിൽ ഉള്ള പാൻ കാർഡ് അവതരിപ്പിച്ചു.
ആദ്യകാലങ്ങളിൽ ആദായനികുതി അടയ്ക്കാനും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുമെല്ലാം മാത്രമായിരുന്നു പാൻ കാർഡ് ആവശ്യമായിരുന്നത്. എന്നാൽ ഇനി ഒരു പക്ഷെ നിത്യേനയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമായി വന്നേക്കാം. ആദായ നികുതി വകുപ്പ് നൽകുന്ന പത്തക്ക നമ്പർ കാണുമ്പോൾ നിസാരമാണെങ്കിലും അതിൽ ഒരു വ്യകിതിയെ സംബന്ധിച്ച നിരവധി പ്രധാന കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. പാൻ കാർഡിൽ പാൻ നമ്പർ അല്ലാതെ പാൻ കാർഡ് ഉടമയുടെ പേര്, ജനനത്തീയതി, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, ഫോട്ടോ എന്നിവ ഉണ്ടാകും. അതുകൊണ്ട് തന്നെ പലപ്പോഴും പാൻ കാർഡ് ഒരു തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാറുണ്ട്.
പാൻ കാർഡ് നൽകുന്നതിലൂടെ ഓരോ നികുതിദായകന്റെയും സാമ്പത്തിക ഇടപാടുകൾ ക്രോഡീകരിച്ച് അവലോകനം ചെയ്യാൻ ആദായനികുതി വകുപ്പിന് എളുപ്പത്തിൽ കഴിയും. ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ കമ്പനിയുടെയും പേരിലുള്ള പാൻ കാർഡ് നമ്പറിൽ ആയിരിക്കും ഇവരുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുക. അങ്ങനെ വരുമ്പോൾ നികുതി സംബദ്ധമായ എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പിന് എളുപ്പത്തിൽ പരിശോധിക്കാനും നികുതി വെട്ടിപ്പുകൾ തടയാനും സാധിക്കും. ഇത് തന്നെയാണ് പാൻ കാർഡ് അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രധാന ലക്ഷ്യവും. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആദായനികുതി വകുപ്പ് പാൻ കാർഡ് വ്യവസ്ഥകൾ നിർമ്മിച്ചിട്ടുള്ളത്.