റിലയൻസ് ജിയോ ബോർഡിൽ നിന്ന് മുകേഷ് അംബാനി രാജിവെച്ചു. പകരം ആകാശ് അംബാനിയെ പുതിയ ചെയർമാനായി നിയമിച്ചു. ആകാശ് അംബാനിയെ കുറിച്ച് കൂടുതൽ അറിയാം
ദില്ലി: മുകേഷ് അംബാനിയുടെ പിൻഗാമിയായി മൂത്തമകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനാകും എന്ന വാർത്തയുടെ ചൂടറിയിട്ടില്ല. മുകേഷ് അംബാനിയുടെ മകൻ എന്നതിലുപരി ആരാണ് ആകാശ് അംബാനി? റിലയൻസ് ജിയോയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ആകാശ് അംബാനിയെയാണ് ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചത്. റിലയൻസ് ജിയോ ബോർഡിൽ നിന്ന് മുകേഷ് അംബാനി രാജിവെക്കുകയും ചെയ്തു. റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആകാശ് അംബാനിയെക്കുറിച്ചുള്ള 5 വസ്തുതകൾ അറിയാം
31 കാരനായ ആകാശ് അംബാനി ബ്രൗൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 2020ൽ അദ്ദേഹം ശ്ലോക മേത്തയെ വിവാഹം കഴിച്ചു, അവർക്ക് പൃഥ്വി എന്ന മകനുണ്ട്.
റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ സ്ഥാനക്കയറ്റം ജിയോയുടെ ഡിജിറ്റൽ സേവന യാത്രയിൽ അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിച്ചാണ് എന്ന കമ്പനി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ചുവടുവെയ്പുകളിലെല്ലാം നേതൃത്വം നൽകിയത് ആകാശ് അംബാനിയാണ്. 2017-ൽ ജിയോഫോൺ പുറത്തിറക്കുന്നതിലും ആകാശ് അംബാനി വലിയ പങ്കുവഹിച്ചെന്ന് കമ്പനി പറയുന്നു.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആകാശ് അംബാനി.ഇഷ അംബാനിയും അനന്ത് അംബാനിയും സഹോദരങ്ങളാണ്.
പിരാമൽ ഗ്രൂപ്പിന്റെ, അജയ്-സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെ വിവാഹം കഴിച്ച ഇഷയ്ക്ക് റീട്ടെയിൽ ബിസിനസിന്റെ ചുമതല മുകേഷ് അംബാനി ഏൽപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 21 കാരനായ അനന്ത് അംബാനി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെയും ജിയോ പ്ലാറ്റ്ഫോമുകളുടെയും ഡയറക്ടറാണ്.