
ദില്ലി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.81 ശതമാനമായി ഉയർന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണഅ കണക്കുകൾ പുറത്തുവിട്ടത്. പണപ്പെരുപ്പം ഉയർന്നത് മൊത്ത വിപണിയിൽ സാധനങ്ങളുടെ വില വർധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച്, 2026 ജനുവരിയിലെ മൊത്തവില സൂചിക 1.81 ശതമാനം കൂടുതലാണ്. പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, നിർമ്മിത ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവാണ് ഇതിന് കാരണം. ഡിസംബറിൽ 0.83 ശതമാനമായിരുന്ന പണപ്പെരുപ്പമാണ് ജനുവരിയിൽ വീണ്ടും ഉയർന്നത്. എല്ലാ സാധനങ്ങളുടെയും വിലനിലവാരം കാണിക്കുന്ന സൂചിക ഡിസംബറിൽ 157.0 ആയിരുന്നത് ജനുവരിയിൽ 157.8 ആയി വർധിച്ചു.
പ്രധാന വിഭാഗങ്ങൾ തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, ഭക്ഷ്യവസ്തുക്കളും അസംസ്കൃത വസ്തുക്കളുമടങ്ങുന്ന പ്രാഥമിക ഉത്പന്നങ്ങളുടെ വിഭാഗത്തിൽ 2.21 ശതമാനമാണ് വാർഷിക വിലക്കയറ്റം. അതേസമയം, ഇന്ധനം, ഊർജം തുടങ്ങിയവയുടെ വിലയിൽ കുറവ് തുടരുകയാണ്. ഈ മേഖലയിൽ വില 4.01 ശതമാനം കുറഞ്ഞു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധനവില കുറവാണെന്ന് സാരം.
മൊത്തവില സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നിർമ്മിത ഉത്പന്നങ്ങളുടെ വില 2.86 ശതമാനം വർധിച്ചു. വ്യാവസായിക ഉത്പന്നങ്ങൾ അടക്കമുള്ളവയുടെ വില ഉയർന്നതാണ് ഇതിന് കാരണം. പ്രാഥമിക, നിർമ്മിത ഉത്പന്നങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ മാത്രം വിലക്കയറ്റം കണക്കാക്കുന്ന ഫുഡ് ഇൻഡെക്സ് 1.41 ശതമാനമാണ് ജനുവരിയിൽ രേഖപ്പെടുത്തിയത്.
ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ മൊത്തവില സൂചികയിൽ 0.51 ശതമാനത്തിന്റെ വർധനവുണ്ടായി. ചില നിർമ്മിത ഉത്പന്നങ്ങളുടെ വില ഉയർന്നതാണ് ഈ പ്രതിമാസ വർധനവിന് കാരണം. ചുരുക്കത്തിൽ, നിർമ്മിത ഉത്പന്നങ്ങളുടെയും പ്രാഥമിക ഉത്പന്നങ്ങളുടെയും വില ഉയർന്നതാണ് ജനുവരിയിൽ മൊത്തവില പണപ്പെരുപ്പം 1.81 ശതമാനമായി കൂടാൻ കാരണം. ഇന്ധനവിലയിൽ കുറവ് തുടരുമ്പോഴും മൊത്തത്തിലുള്ള വിലസൂചിക മുകളിലേക്ക് തന്നെയാണ് പോകുന്നത്.