തിളക്കം കുറയുമോ സ്വര്‍ണത്തിന്? ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു; ലക്ഷ്യം രൂപയുടെ മൂല്യം സംരക്ഷിക്കല്‍

Published : Feb 01, 2026, 10:21 AM IST
gold silver price crash mcx profit booking january 30 2026 india

Synopsis

സാധാരണയായി വില കൂടുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാറാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ്:

 

റെക്കോര്‍ഡ് വിലയിലും സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയം കുറയാത്തത് കേന്ദ്ര സര്‍ക്കാരിനെ കുഴപ്പിക്കുന്നു. രാജ്യത്തേക്കുള്ള സ്വര്‍ണം, വെള്ളി ഇറക്കുമതി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചതോടെ, ഇവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. രൂപയുടെ മൂല്യം ഇടിയുന്നതും വ്യാപാരക്കമ്മി വര്‍ധിക്കുന്നതും തടയാന്‍ കടുത്ത നടപടികള്‍ അനിവാര്യമാണെന്നാണ് വിലയിരുത്തല്‍.

എന്തുകൊണ്ട് നികുതി കൂട്ടുന്നു?

വിദേശ രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം നല്‍കേണ്ടി വരുന്നത് വിദേശ നാണയമാണ് (ഡോളര്‍). ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന്റെ പത്തിലൊന്നും കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് സ്വര്‍ണവും വെള്ളിയും വാങ്ങാനാണ്.

റെക്കോര്‍ഡ് ഇറക്കുമതി: 2025-ല്‍ ഇന്ത്യ 5,890 കോടി ഡോളറിന്റെ (ഏകദേശം 5 ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. വെള്ളി ഇറക്കുമതിയില്‍ 44% വര്‍ധനയാണുണ്ടായത്.

രൂപയുടെ തളര്‍ച്ച: ഇറക്കുമതി വര്‍ധിക്കുമ്പോള്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു. ഈ മാസം രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു.

വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളിയെ അപേക്ഷിച്ച്, സ്വര്‍ണം പ്രധാനമായും ആഭരണങ്ങള്‍ക്കും നിക്ഷേപത്തിനുമാണ് ഉപയോഗിക്കുന്നത്. ഇത് അനാവശ്യ ചെലവായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

പഴയ തീരുമാനങ്ങള്‍ തിരുത്തിയേക്കും

2024-ല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി സര്‍ക്കാര്‍ കുറച്ചിരുന്നു. കള്ളക്കടത്ത് തടയാനായിരുന്നു ഈ നീക്കം. എന്നാല്‍ ഇപ്പോള്‍ രൂപയുടെ മൂല്യം തകരുന്ന പശ്ചാത്തലത്തില്‍, ഈ നികുതി പഴയപടിയാക്കാനോ അല്ലെങ്കില്‍ 4 മുതല്‍ 6 ശതമാനം വരെ വര്‍ധിപ്പിക്കാനോ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നികുതി വര്‍ധിക്കുമെന്ന സൂചനയെത്തുടര്‍ന്ന് വിപണിയില്‍ ഇപ്പോള്‍ തന്നെ സ്വര്‍ണത്തിന് വിലക്കയറ്റം പ്രകടമാണ്.

വില കൂടിയാലും ഡിമാന്‍ഡ് കുറയുന്നില്ല; കാരണം?

സാധാരണയായി വില കൂടുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാറാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാണ്:

നിക്ഷേപ താല്പര്യം: ആഭരണങ്ങള്‍ വാങ്ങുന്നത് കുറഞ്ഞെങ്കിലും, നാണയങ്ങളായും ബിസ്‌കറ്റുകളായും സ്വര്‍ണം വാങ്ങുന്നവര്‍ കൂടി.

ഡിജിറ്റല്‍ സ്വര്‍ണം : സ്റ്റോക്ക് മാര്‍ക്കറ്റ് വഴി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന ഗോള്‍ഡ് ഇടിഎഫുകളിലേക്ക് കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ പണമെത്തി. ഏകദേശം 42,960 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടത്.

സുരക്ഷിത നിക്ഷേപം: ഓഹരി വിപണിയില്‍ ലാഭം കുറയുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നു.

വെള്ളിയിലും 'കണ്ണ്'

സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് വെള്ളിയുടെ ഇറക്കുമതി ബില്ല് വര്‍ധിക്കുന്നത്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വെള്ളി അത്യാവശ്യമാണ്. ഇതിനുപുറമെ ഇപ്പോള്‍ വെള്ളിയും ഒരു നിക്ഷേപ മാര്‍ഗമായി ആളുകള്‍ കണ്ടുതുടങ്ങിയത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

നികുതി കൂട്ടിയാല്‍ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ വില കൂടും. ഇത് ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍, എത്ര വില കൂടിയാലും നികുതി കൂട്ടിയാലും ഇന്ത്യക്കാരുടെ സ്വര്‍ണഭ്രമം കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം

PREV
Read more Articles on
click me!

Recommended Stories

സൗരോര്‍ജ വിപണിയില്‍ പുത്തന്‍ ഉദയം: അദാനിക്കും റിലയന്‍സിനും വെല്ലുവിളിയായി 73,000 കോടിയുടെ കരാറുകളുമായി ഈ കമ്പനികള്‍
ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രിയുടെ സാരിയിലുമുണ്ട് കാര്യം! 9-ാം ബജറ്റിൽ ധരിച്ചെത്തിയത് കട്ടം- കള്ളി കാഞ്ചീപുരം സാരി