
ഒരേ കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നത് സുരക്ഷിതവും ബുദ്ധിപരവുമായ തീരുമാനമായാണ് വര്‍ഷങ്ങളായി നമ്മള്‍ കരുതിപ്പോന്നത്. സ്ഥാപനവുമായുള്ള ബന്ധം, ജോലിയിലെ പരിചയം, കൃത്യമായ ഇടവേളകളിലുള്ള ശമ്പള വര്‍ധന - ഇതൊക്കെയായിരുന്നു അതിന്റെ മെച്ചങ്ങള്‍. എന്നാല്‍ ഇന്ന് കാലം മാറി. വര്‍ഷങ്ങളായി ഇരിക്കുന്ന കസേരയിലേക്ക് പുറത്തുനിന്നും പുതുതായി ഒരാളെ കമ്പനി നിയമിക്കുന്നത് നിങ്ങളേക്കാള്‍ എത്രയോ ഉയര്‍ന്ന ശമ്പളത്തിലാണെന്ന് അറിഞ്ഞാലോ?
ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. വിശ്വസ്തതയേക്കാള്‍ വേഗത്തില്‍ ജോലി മാറുന്നവര്‍ക്കാണ് വിപണിയില്‍ മൂല്യം.
കണക്കുകള്‍ പറയുന്ന സത്യം
ജോബ്ബസ് നടത്തിയ സര്‍വേ പ്രകാരം 90 ശതമാനം ജീവനക്കാരും ഒരേ ലെവലിലുള്ള ജോലികളില്‍ ശമ്പളത്തില്‍ വലിയ അന്തരം ഉള്ളതായി വിശ്വസിക്കുന്നു. ഇതില്‍ 40 ശതമാനം പേരും പറയുന്നത് പുറത്തുനിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നു എന്നാണ്.
അയോണ്‍ സാലറി ഇന്‍ക്രീസ് സര്‍വേ പ്രകാരം, ഒരേ കമ്പനിയില്‍ തുടരുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പള വര്‍ധന ശരാശരി 8-10 ശതമാനം മാത്രമാണ്. എന്നാല്‍ ജോലി മാറി പുതിയ കമ്പനിയില്‍ ചേരുന്നവര്‍ക്ക് 20 മുതല്‍ 40 ശതമാനം വരെ വര്‍ധന ലഭിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഒരേ കമ്പനിയില്‍ തുടരുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നു എന്നര്‍ത്ഥം.
എന്തുകൊണ്ട് പുതിയവര്‍ക്ക് കൂടുതല്‍ പണം?
ടെക്‌നോളജി, ബാങ്കിംഗ്, കണ്‍സള്‍ട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് ഈ പ്രവണത കൂടുതല്‍. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
ഫൗണ്ട്ഇറ്റ് നടത്തിയ സര്‍വേയില്‍ 47 ശതമാനം ഇന്ത്യന്‍ പ്രൊഫഷണലുകളും തങ്ങളുടെ ശമ്പള വളര്‍ച്ചയില്‍ അതൃപ്തരാണ്. 40 ശതമാനം പേര്‍ വിശ്വസിക്കുന്നത് തങ്ങള്‍ക്ക് ലഭിക്കുന്നത് ഇന്‍ഡസ്ട്രി ശരാശരിയേക്കാള്‍ കുറഞ്ഞ ശമ്പളമാണെന്നാണ്.
മാറുന്ന ചിന്താഗതി
പണ്ട് ജോലിയിലെ സ്ഥിരതയായിരുന്നു മുഖ്യം. ജോലി മാറുന്നത് മോശമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ തലമുറ ജോലി മാറുന്നത് ഒരു സാമ്പത്തിക തന്ത്രമായാണ് കാണുന്നത്. 'ഈ കമ്പനി എന്നോട് കൂറുള്ളതാണോ' എന്ന പഴയ ചോദ്യത്തിന് പകരം 'ഇവിടെ തുടരുന്നത് എനിക്ക് സാമ്പത്തികമായി നഷ്ടമാണോ' എന്ന ചോദ്യമാണ് പുതിയ കാലത്തെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. എങ്കിലും, ദീര്‍ഘകാലം ഒരേ കമ്പനിയില്‍ തുടരുന്നത് കൊണ്ട് ഗുണമില്ലെന്നില്ല. സ്ഥാപനത്തെക്കുറിച്ചുള്ള അറിവും നേതൃപാടവവും അവിടെ ലഭിച്ചേക്കാം. എന്നാല്‍ സാമ്പത്തികമായി നോക്കുമ്പോള്‍, പലപ്പോഴും ലാഭം ജോലി മാറുന്നതിലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.