പെട്രോൾ വില ഇനിയും കൂടുമോ? ലിറ്ററിന് 17 മുതല്‍ 18 രൂപ വരെ നഷ്ടമെന്ന് എണ്ണക്കമ്പനികൾ

Published : May 23, 2026, 01:24 PM IST
Petrol Price

Synopsis

കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്ത് ഇന്ധനവില പലതവണയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവും എണ്ണക്കമ്പനികളുടെ ഭീമമായ നഷ്ടവും കാരണം വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപ വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതോടെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്. മെയ് 15-നാണ് വില കൂട്ടാന്‍ തുടങ്ങിയത്. മെയ് 15 ന് ലിറ്ററിന് 3 രൂപയും, മെയ് 19 ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ മൊത്തം വില വര്‍ദ്ധനവ് ലിറ്ററിന് അഞ്ച് രൂപയോടടുത്തു.

വില ഇനിയും കൂടുമോ?

എണ്ണ വിപണന കമ്പനികള്‍ നിലവില്‍ നേരിടുന്ന നഷ്ടം കണക്കിലെടുക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധന അനിവാര്യമായിരുന്നുവെന്നും ഇപ്പോഴത്തെ വര്‍ധന കമ്പനികളുടെ നഷ്ടം പൂര്‍ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍

എത്ര രൂപ വരെ കൂടാം?

സാമ്പത്തിക സേവന കമ്പനിയായ എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപ വരെ ഉയര്‍ന്നേക്കാം. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില കമ്പനികള്‍ക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് ഈ ശ്രമം. കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഏകദേശം 50 ശതമാനമെങ്കിലും നികത്താന്‍ ലിറ്ററിന് 10 രൂപ വരെ കൂട്ടേണ്ടി വരുമെന്നാണ് മെയ് 15 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എംകെ ഗ്ലോബല്‍ വ്യക്തമാക്കുന്നത്. ഇത് ഒറ്റയടിക്കോ അല്ലെങ്കില്‍ രണ്ട് മൂന്ന് ആഴ്ചകള്‍ കൊണ്ട് ഘട്ടം ഘട്ടമായോ നടപ്പിലാക്കിയേക്കാം.

എണ്ണക്കമ്പനികള്‍ക്ക് വന്‍ നഷ്ടം

ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ 2026 മാര്‍ച്ച് 27-ന് കേന്ദ്ര സര്‍ക്കാര്‍ 10 രൂപ കുറവ് വരുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷവും എണ്ണക്കമ്പനികള്‍ക്ക് ഓരോ ലിറ്റര്‍ ഇന്ധനം വില്‍ക്കുമ്പോഴും 17 മുതല്‍ 18 രൂപ വരെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പാദത്തില്‍ എണ്ണക്കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതല്‍ 58,000 കോടി രൂപ വരെ ആയേക്കാമെന്നാണ് കണക്കാക്കുന്നത്. ഇത് ബിസിനസിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഉയര്‍ന്ന വില ഈടാക്കിയിട്ടും ഡീസലിന് ലിറ്ററിന് 25 മുതല്‍ 30 രൂപ വരെയും പെട്രോളിന് 10 മുതല്‍ 14 രൂപ വരെയും വരുമാന നഷ്ടം ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് ഭാരത് പെട്രോളിയം ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അരിയും പരിപ്പും പഞ്ചസാരയും തൊട്ടാൽ കൈ പൊള്ളും! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റം
മാൻഹോളുകളിൽ നിന്നും ബഹിരാകാശത്തേക്ക്; തൊഴിലാളികളുടെ അന്തസുയർത്തിയ ജെൻറോബോട്ടിക്സിന് ഐഎസ്ആർഒ കരാർ, കേരളത്തിന് അഭിമാനനേട്ടം