എഐ ഉപയോഗിച്ച് 20,000 ജീവനക്കാരുടെ ശേഷി ലാഭിച്ചു; ജീവനക്കാരെ പിരിച്ചുവിട്ടില്ലെന്ന് വിപ്രോ

Published : Sep 14, 2026, 01:27 PM IST
wipro

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിലൂടെ 20,000 ജീവനക്കാരുടെ ഉൽപ്പാദനശേഷി നേടിയതായി വിപ്രോയുടെ വെളിപ്പെടുത്തൽ. ഈ അധിക ശേഷി ജീവനക്കാരെ പിരിച്ചുവിടാനല്ല, മറിച്ച് മറ്റ് പ്രോജക്റ്റുകളിലേക്ക് പുനർവിന്യസിക്കാനാണ് ഉപയോഗിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. മറ്റ് ഐടി കമ്പനികളും എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ നിയമന രീതികളിൽ മാറ്റം വരുത്തുകയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സംവിധാനങ്ങൾ ഉപയോഗിച്ചതിലൂടെ 20,000 ജീവനക്കാരുടെ ജോലിക്ക് തുല്യമായ ഉൽപ്പാദനശേഷി വിപ്രോയ്ക്ക് ലഭിച്ചതായി കമ്പനി. വിപ്രോയുടെ ചീഫ് ടെക്നോളജി ഓഫീസർ സന്ധ്യ അരുൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എഐയുടെ സഹായത്തോടെ ലഭിച്ച അധിക ശേഷി ജീവനക്കാരെ പിരിച്ചുവിടുന്നതിനായി ഉപയോഗിച്ചിട്ടില്ലെന്നും പകരം മറ്റ് പദ്ധതികളിലേക്കും ജോലികളിലേക്കും പുനർവിന്യസിച്ചതായും അവർ വ്യക്തമാക്കി.

ഇന്ത്യയിലെ 315 ബില്യൺ ഡോളർ മൂല്യമുള്ള സോഫ്റ്റ്‌വെയർ സേവന മേഖല എഐയുടെ അതിവേഗ വളർച്ചയുമായി പൊരുത്തപ്പെടുന്നതിനിടെയാണ് വിപ്രോയുടെ ഈ വെളിപ്പെടുത്തൽ. ജീവനക്കാരുടെ നിയമനം, സോഫ്റ്റ്‌വെയർ വികസനം, ഉപഭോക്താക്കളുമായുള്ള കരാറുകൾ തുടങ്ങിയ മേഖലകളിൽ എഐ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

2.43 ലക്ഷം ജീവനക്കാർ; ഒരു ലക്ഷത്തിലേറെ പേർക്ക് എഐ പരിശീലനം

ജൂണിൽ ഏകദേശം 2,43,000 ജീവനക്കാരാണ് വിപ്രോയിൽ ഉണ്ടായിരുന്നത്. മനുഷ്യരും എഐയും ചേർന്ന് പ്രവർത്തിക്കുന്ന പുതിയ രീതിയിലേക്ക് കമ്പനി മാറുകയാണെന്ന് സന്ധ്യ അരുൺ പറഞ്ഞു. ഒരു ലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിനകം തന്നെ ഉയർന്ന നിലവാരത്തിലുള്ള എഐ പരിശീലനവും സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്. എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന അധിക ശേഷി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് മാത്രമായി കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

ഒരു എൻജിനീയർക്ക് തന്നെ നിരവധി എഐ സംവിധാനങ്ങളെ നിയന്ത്രിക്കാനും അവയെ വിവിധ പദ്ധതികളിൽ വിന്യസിക്കാനും സാധിക്കും. അതേ ജീവനക്കാരനെ മറ്റൊരു പദ്ധതിയിലേക്കോ പുതിയ ജോലിയിലേക്കോ പരിശീലിപ്പിക്കാനും കഴിയും. അതിനാൽ ഒരു ജീവനക്കാരന് പകരം എഐ സംവിധാനം വരുന്നു എന്ന ലളിതമായ രീതിയിൽ ഇതിനെ കാണരുതെന്നും സന്ധ്യ അരുൺ പറഞ്ഞു.

എഐ വരുമ്പോൾ നിയമനം കുറയുമോ?

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന കയറ്റുമതി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസും എഐയുടെ വളർച്ചയ്ക്കനുസരിച്ച് നിയമന രീതികളിൽ മാറ്റം വരുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ കമ്പനിയിലെ ജീവനക്കാരുടെയും എഐ സംവിധാനങ്ങളുടെയും എണ്ണം ഏകദേശം തുല്യമാക്കാനുള്ള പദ്ധതിയിലാണ് ടിസിഎസ്. എഐ സ്വീകരണം വേഗത്തിലാക്കാൻ ഉപഭോക്തൃ സ്ഥാപനങ്ങൾക്കൊപ്പം നേരിട്ട് പ്രവർത്തിക്കുന്ന 8,900 എൻജിനീയർമാരുടെ സംഘത്തെ രൂപീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.

ഇൻഫോസിസും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം 6,000 എൻജിനീയർമാരെ ഇത്തരത്തിൽ വിന്യസിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വിപ്രോയും സമാനമായ രീതിയിൽ ഉപഭോക്താക്കളോടൊപ്പം നേരിട്ട് പ്രവർത്തിക്കുന്ന എൻജിനീയർമാരുടെ എണ്ണം വർധിപ്പിക്കുകയാണ്.

ഉൽപ്പാദനക്ഷമത മാത്രമല്ല, ഫലമാണ് പ്രധാനം

എഐ ഉപയോഗത്തിന്റെ വിജയത്തെ ഉൽപ്പാദനക്ഷമത വർധിച്ചോ എന്നതിൽ മാത്രം അളക്കരുതെന്ന് സന്ധ്യ അരുൺ പറഞ്ഞു. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും പുതിയ വരുമാന അവസരങ്ങൾ സൃഷ്ടിക്കാനും ബിസിനസ് ലക്ഷ്യങ്ങൾ കൈവരിക്കാനും എഐ സഹായിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.

എഐ വരുമാനത്തിൽ വിപ്രോ പിന്നിൽ?

ഇന്ത്യയിലെ മുൻനിര നാല് ഐടി കമ്പനികളിൽ എഐയിൽ നിന്നുള്ള വരുമാനം പ്രത്യേകം വെളിപ്പെടുത്താത്ത ഏക കമ്പനിയാണ് വിപ്രോ. എഐയുമായി ബന്ധപ്പെട്ട പരിശീലനത്തിലും സാങ്കേതിക പങ്കാളിത്തങ്ങളിലും വിപ്രോ നടത്തുന്ന നിക്ഷേപം ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽടെക് തുടങ്ങിയ കമ്പനികൾക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. എന്നാൽ എഐ നിക്ഷേപങ്ങളെ യഥാർഥ വരുമാനമാക്കി മാറ്റുന്ന കാര്യത്തിൽ വിപ്രോ ഇപ്പോഴും എതിരാളികളേക്കാൾ പിന്നിലാണെന്ന് നോർഡ്- ഐക്യു റിസർച്ചിലെ പ്രിൻസിപ്പൽ അനലിസ്റ്റ് മനോജ് ചന്ദ്ര ഝാ പറഞ്ഞു. എഐയുമായി ബന്ധപ്പെട്ട കരാറുകൾ എത്രത്തോളം വരുമാനമായും ലാഭവിഹിതമായും മാറും എന്നതായിരിക്കും വിപ്രോയുടെ അടുത്ത വലിയ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ലോകം വീണ്ടും പ്രതിസന്ധിയിലേക്ക്? സൗദിയുടെ കൈവശമുള്ളത് ഇനി അഞ്ച് ദിവസത്തേക്കുള്ള എണ്ണ ശേഖരമെന്ന് റിപ്പോർട്ട്
കെസിഎ ക്ലബ് ഹൗസ് പദ്ധതിക്ക് വൻ സ്വീകാര്യത; നിക്ഷേപക സം​ഗമത്തിൽ പങ്കെടുത്തത് ലുലുവും ആർപി ​ഗ്രൂപ്പുമടക്കമുള്ള പ്രമുഖർ