സർവ്വം മാറ്റങ്ങൾ; പണം ചെലവാക്കുന്ന കാര്യത്തിൽ സ്ത്രീകളുടെ സ്വഭാവമേ മാറിപ്പോയെന്നേ! നിക്ഷേപ രംഗത്തും സ്ത്രീ മുന്നേറ്റമെന്ന് പഠനങ്ങൾ

Published : Mar 06, 2026, 11:16 AM IST
Woman spending money

Synopsis

ഇന്ത്യൻ സ്ത്രീകൾ നിക്ഷേപ തീരുമാനങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത നേടുകയാണെന്ന് ഡിഎസ്പി വിൻവെസ്റ്റർ പൾസ് 2025-26 റിപ്പോർട്ട്. 56% പേർ ഇപ്പോൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവവും റിപ്പോർട്ടിലുണ്ട്. 

സാമ്പത്തിക കാര്യങ്ങളിലും നിക്ഷേപങ്ങളിലും രാജ്യത്തെ സ്ത്രീകള്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടുന്നതായി റിപ്പോര്‍ട്ട്. നഗരങ്ങളില്‍ താമസിക്കുന്ന 56 ശതമാനം സ്ത്രീകളും ഇപ്പോള്‍ നിക്ഷേപ തീരുമാനങ്ങള്‍ സ്വന്തമായാണ് എടുക്കുന്നതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. 2022-ല്‍ ഇത് 44 ശതമാനമായിരുന്നു. ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയ 'ഡിഎസ്പി വിന്‍വെസ്റ്റര്‍ പള്‍സ് 2025-26' പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. യൂഗവ് മുഖേന രാജ്യത്തെ 13 നഗരങ്ങളില്‍ നിന്നായി 5,050 പേരിലാണ് സര്‍വേ നടത്തിയത്. നിക്ഷേപരംഗത്തെ പുരുഷന്മാരുടെ സ്വാധീനം ഇപ്പോഴും മുന്നില്‍ തന്നെയാണ്. 68 ശതമാനം പുരുഷന്മാരും സ്വന്തമായി സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്.

പ്രധാന കണ്ടെത്തലുകള്‍ ഒറ്റനോട്ടത്തില്‍:

ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും ശ്രദ്ധ: ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ 51 ശതമാനം സ്ത്രീകള്‍ സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഇത് വെറും 39 ശതമാനം മാത്രമായിരുന്നു.

ആത്മവിശ്വാസമുണ്ട്, പ്ലാനിങ്ങില്ല: 84 ശതമാനം സ്ത്രീകള്‍ക്കും നിക്ഷേപ കാര്യങ്ങളില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. എന്നാല്‍, കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളും പ്ലാനുകളും ഉള്ളവര്‍ മൂന്നിലൊരാള്‍ മാത്രമാണെന്നത് ഒരു പോരായ്മയായി പഠനം ചൂണ്ടിക്കാട്ടുന്നു.

വീടിനേക്കാള്‍ പ്രിയം യാത്രകളോട്: പണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണത്തെ ഒരു 'സ്വാതന്ത്ര്യമായി' കാണുന്നവരുടെ എണ്ണം 27 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ന്നു. 41 ശതമാനം സ്ത്രീകള്‍ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനേക്കാള്‍ യാത്രകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. അധികമുള്ള പണം അവധിക്കാല യാത്രകള്‍ക്കായി ചെലവാക്കുന്നവര്‍ മുന്‍പ് 36 ശതമാനമായിരുന്നെങ്കില്‍ ഇപ്പോളത് 43 ശതമാനമായി കൂടി. എങ്കിലും സമ്പത്ത് സൃഷ്ടിക്കലും സുരക്ഷിതത്വവും തന്നെയാണ് നിക്ഷേപത്തിന് പിന്നിലെ പ്രധാന കാരണം.

ഉപദേശം തേടാന്‍ മടി: സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുന്നവരില്‍ 94 ശതമാനം പേരും അതില്‍ സംതൃപ്തരാണ്. 2022 മുതല്‍ ഈ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ മുന്‍പരിചയമില്ലാത്തവരുമായി തങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ പങ്കുവെക്കാനുള്ള ബുദ്ധിമുട്ടാണ് 39 ശതമാനം പേരെയും ഉപദേശം തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 76 ശതമാനം പേരും ഇപ്പോഴും നിക്ഷേപ കാര്യങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ആശ്രയിക്കുന്നത്.

എഐയോട് താല്പര്യം, എന്നാല്‍ വിശ്വാസക്കുറവ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ഉപദേശങ്ങളോട് ആളുകള്‍ക്ക് താല്പര്യമുണ്ട്. എങ്കിലും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മൂലം 46 ശതമാനം പേരും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. എന്നാല്‍ പകുതിയിലധികം പേരും വിശ്വസിക്കുന്നത് എഐ കൃത്യവും നിഷ്പക്ഷവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുമെന്നാണ്.

മ്യൂച്വല്‍ ഫണ്ടുകളില്‍ ആണ്‍-പെണ്‍ വ്യത്യാസം: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന നഗരവാസികള്‍ 38 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നു. എങ്കിലും ഇവിടെയും ചെറിയ വ്യത്യാസങ്ങളുണ്ട്. പുരുഷന്മാരില്‍ 48 ശതമാനം പേര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ സ്ത്രീകളില്‍ ഇത് 44 ശതമാനമാണ്. നേരിട്ടുള്ള ഓഹരി നിക്ഷേപത്തില്‍ ഈ വിടവ് കൂടുതലാണ്; പുരുഷന്മാര്‍ 44 ശതമാനവും സ്ത്രീകള്‍ 37 ശതമാനവും.

PREV
Read more Articles on
click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു