ഇനിയൊരു തിരിച്ചുവരവിന് അഞ്ച് വർഷം വേണം: ലോകബാങ്ക് പറയുന്നതിങ്ങനെ

By Web TeamFirst Published Sep 18, 2020, 12:12 AM IST
Highlights

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും കാർമൻ അഭിപ്രായപ്പെട്ടു. കൊവിഡിനെ തുടർന്ന് ലോകത്തെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

മാഡ്രിഡ്: കൊവിഡിനെ തുടർന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂർവ്വ സ്ഥിതിയിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് അഞ്ച് വർഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്. ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കപ്പെടുന്നതോടെ എല്ലാ രാജ്യത്തും വിപണിയിൽ പെട്ടെന്നൊരു കുതിപ്പ് കാണാനാവുമെങ്കിലും ശരിയായ അർത്ഥത്തിൽ പൂർവ്വ സ്ഥിതിയിൽ എത്താൻ സമയമെടുക്കുമെന്ന് ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കാർമൻ റെയിൻഹാർട്ട് അഭിപ്രായപ്പെട്ടു.

മാഡ്രിഡിൽ നടന്ന ഒരു ചെറുപരിപാടിയിലായിരുന്നു ഇദ്ദേഹം തന്റെ വിലയിരുത്തൽ വെളിപ്പെടുത്തിയത്. ചില രാജ്യങ്ങളിൽ സാമ്പത്തിക ആഘാതം നീണ്ടുനിൽക്കും. ചിലയിടത്ത് പെട്ടെന്ന് സ്ഥിതി മെച്ചപ്പെടും. ലോകത്ത് കൊവിഡിന്റെ ദുരിതം പാവപ്പെട്ട രാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുക. സമ്പന്ന രാജ്യങ്ങൾ താരതമ്യേന വേഗത്തിൽ പ്രതിസന്ധി മറികടക്കുമെന്നാണ് അവർ പറഞ്ഞത്.

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും കാർമൻ അഭിപ്രായപ്പെട്ടു. കൊവിഡിനെ തുടർന്ന് ലോകത്തെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ചരക്ക് ഗതാഗതം തടസപ്പെട്ടതും രോഗവ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമാണ് വെല്ലുവിളിയായത്.

click me!