ലോകവിപണിയില്‍ വില്‍പ്പനയില്‍ ഒന്നാമന്‍; 'ബൈജ്യു'മദ്യം ഇന്ത്യയിലേക്ക്

By Web TeamFirst Published Dec 10, 2019, 6:13 PM IST
Highlights

'ബൈജ്യു'വിന്‍റെ 'ജ്യാംഗ്ഷോബായ്' എന്ന ബ്രാന്‍ഡാകും ഇന്ത്യയില്‍ ആദ്യമെത്തുക

40 ശതമാനം വീര്യമുള്ള  'ജ്യാംഗ്ഷോബായ്' ചെറുപ്പക്കാരെയാണ് ഉന്നമിടുന്നത്

ബെംഗലൂരു: ചൈനാക്കാരുടെ പ്രിയപ്പെട്ട മദ്യമാണ്  'ബൈജ്യു'. ആഗോള മദ്യവിപണിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മദ്യം ഏതെന്ന ചോദ്യത്തിനും മറ്റൊരുത്തരം തേടേണ്ടിവരില്ല. ലോകത്തെ ഏറ്റവും പ്രിയപ്പെട്ടതാണെങ്കിലും ഇന്ത്യയിലെ മദ്യപാനികള്‍ക്ക് 'ബൈജ്യു' വിന്‍റെ രുചി അറിയാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ 'ബൈജ്യു' ലഭ്യമല്ലെന്നത് തന്നെയായിരുന്നു കാരണം.

എന്നാല്‍ 'ബൈജ്യു'വിന് വേണ്ടി ഇനി ഇന്ത്യന്‍ മദ്യപാനികള്‍ അധികം കാത്തിരിക്കേണ്ട. ഇന്ത്യന്‍ വിപണിയിലേക്കും 'ബൈജ്യു' എത്തുകയാണ്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദ്യ വിതരണ കമ്പനിയായ 'വി ബേവാ'ണ് ലോകവിപണിയില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന  'ബൈജ്യു'വിനെ ഇന്ത്യയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച കരാറുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 'ബൈജ്യു'വിന്‍റെ 'ജ്യാംഗ്ഷോബായ്' എന്ന ബ്രാന്‍ഡാകും ഇന്ത്യയില്‍ ആദ്യമെത്തുക. 40 ശതമാനം വീര്യമുള്ള  'ജ്യാംഗ്ഷോബായ്' ചെറുപ്പക്കാരെയാണ് പ്രധാനമായും ഉന്നമിടുന്നത്.

ഡിസംബര്‍ പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍  'ജ്യാംഗ്ഷോബായ്' എത്തുമെന്നാണ് വ്യക്തമാകുന്നത്. ദില്ലി, മുംബൈ, ബെംഗലുരു എന്നിവിടങ്ങളിലാകും ആദ്യം എത്തുക. പിന്നാലെ പുനെ, ചെന്നൈ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും  'ജ്യാംഗ്ഷോബായ്' എത്തുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കേരളത്തിലെ മദ്യപാനികള്‍ 'ബൈജ്യു' വിന്‍റെ രുചി അറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്.

click me!