
ഏകദേശം 4,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ, കട്ടിരോമങ്ങളുള്ള ഭീമാകാരനായ 'മാമത്തിനെ' തിരികെ കൊണ്ടുവരിക എന്നത് കേള്‍ക്കുമ്പോള്‍ ഒരു സയന്‍സ് ഫിക്ഷന്‍ കഥയായി തോന്നാം. എന്നാല്‍, 43 വയസ്സുകാരനായ ടെക്‌സസ് സംരംഭകന്‍ ബെന്‍ ലാമിന്, ഇത് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു വലിയ വാണിജ്യ അവസരമാണ്. പ്രശസ്ത ഹാര്‍വാര്‍ഡ് ജനിതക ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് ചര്‍ച്ചുമായി ചേര്‍ന്ന് 2021-ല്‍ ലാം സ്ഥാപിച്ച കമ്പനിയാണ് 'കൊളോസല്‍ ബയോസയന്‍സസ്'. മാമത്ത്, ഡോഡോ പക്ഷി, ടാസ്മാനിയന്‍ ടൈഗര്‍ തുടങ്ങിയ വംശനാശം സംഭവിച്ച ജീവികളെ പുരാതന ഡി.എന്‍.എ., ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യകള്‍, നൂതന പ്രത്യുത്പാദന സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ച് പുനരുജ്ജീവിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. വംശനാശത്തിന്റെ വക്കിലുള്ള ആയിരക്കണക്കിന് ജീവജാലങ്ങള്‍ക്ക് പരിഹാരം കാണാനും കമ്പനി ശ്രമിക്കുന്നു.
ഇന്ന് ഡാലസിലെ കൊളോസലിന്റെ ലാബുകളില്‍ ഇതിന്റെ ആദ്യ തെളിവായി 'വുളി എലികള്‍' ഉണ്ട്. മാമത്തിനെ പോലുള്ള കട്ടിയുള്ള രോമവും തണുപ്പിനെ അതിജീവിക്കാനുള്ള കഴിവുകളും നല്‍കി രൂപപ്പെടുത്തിയ ഈ സ്വര്‍ണ്ണ നിറമുള്ള എലികള്‍, 2028-ഓടെ ആദ്യ മാമത്ത്-ആന സങ്കരയിനം കുട്ടിയെ പുറത്തിറക്കാന്‍ കൊളോസല്‍ നടപ്പാക്കുന്ന സാങ്കേതികവിദ്യയുടെ ഒരു നേര്‍ക്കാഴ്ചയാണ്.
ഈ വര്‍ഷം ജനുവരിയില്‍, കൊളോസല്‍ 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1660 കോടി രൂപ) സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം 10.2 ബില്യണ്‍ ഡോളറില്‍ (ഏകദേശം 85,000 കോടി രൂപ) എത്തി. ഇതോടെ, ബെന്‍ ലാമിന്റെ ആസ്തി 3.7 ബില്യണ്‍ ഡോളറായി (ഏകദേശം 30,700 കോടി രൂപ) കണക്കാക്കപ്പെടുന്നു. നിലവില്‍ വരുമാനം ഇല്ലെങ്കിലും, കമ്പനി ഇതിനോടകം രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്: ഫോം ബയോ എന്ന കമ്പ്യൂട്ടേഷണല്‍ ബയോളജി പ്ലാറ്റ്‌ഫോമും ,ബ്രേക്കിംഗ് എന്ന ബയോളജിക്കല്‍ റീസൈക്ലിംഗ് കമ്പനിയും. കൊളോസലിന്റെ സഹസ്ഥാപകനും മാമത്തിന്റെ ജീനോം വേര്‍തിരിച്ചെടുത്തയാളുമായ ജോര്‍ജ്ജ് ചര്‍ച്ചിന് കമ്പനിയില്‍ ഓഹരിയില്ല.
വംശനാശം സംഭവിച്ച വലിയ ജീവികളെ തിരികെ കൊണ്ടുവരുന്നത് ലോകശ്രദ്ധ നേടുമെങ്കിലും, ആധുനിക കാലത്തെ വംശനാശം തടയുന്നതിലാണ് കൊളോസലിന്റെ യഥാര്‍ത്ഥ വാണിജ്യ സാധ്യത. ലോകത്ത് 46,000-ത്തിലധികം ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശഭീഷണിയിലാണ്. പരിണാമത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ ഭൂമിയിലെ ആവാസവ്യവസ്ഥകള്‍ മാറുന്നു എന്ന് കമ്പനിയുടെ മുഖ്യ ശാസ്ത്രജ്ഞയായ ബെത്ത് ഷാപ്പിറോ പറയുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുകള്‍ രംഗത്തെത്തുന്നത്. ലാമിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, രാജ്യങ്ങള്‍ ഇപ്പോള്‍ ജൈവവൈവിധ്യ സംരക്ഷണ കരാറുകളുമായി കൊളോസലിനെ സമീപിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ രക്ഷിക്കാന്‍ പരമ്പരാഗത സംരക്ഷണ രീതിയുടെ ചെലവിന്റെ ഒരു ഭാഗം മാത്രം മതിയാകുന്ന ജനിതക ഇടപെടലുകള്‍ക്ക് അവര്‍ പണം നല്‍കാന്‍ തയ്യാറാണ്.
ഉദാഹരണത്തിന്, ഒരു ദ്വീപ് രാജ്യം, പെണ്‍ ജീവികളുടെ കുറവും പ്രത്യുത്പാദന ചക്രത്തിലെ തടസ്സവും കാരണം വംശനാശത്തിന്റെ വക്കിലുള്ള ഒരു ജീവിയെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നു. പരമ്പരാഗത പ്രജനനത്തിന് 25 വര്‍ഷവും 350 മില്യണ്‍ ഡോളറും വേണ്ടിവരും. എന്നാല്‍, കൊളോസല്‍ ഇതിനുപകരം ഒരു സമൂലമായ പരിഹാരമാണ് മുന്നോട്ട് വെക്കുന്നത്: പെണ്‍ ജീവികള്‍ക്ക് കാലാനുസൃതമായല്ലാതെ തുടര്‍ച്ചയായി പ്രജനനം നടത്താന്‍ ജനിതകമാറ്റം വരുത്തുക. 'ഞങ്ങള്‍ അവരില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ ഈടാക്കിയാലും, അവര്‍ക്ക് 20 വര്‍ഷവും നൂറുകണക്കിന് ദശലക്ഷം ഡോളറും ലാഭിക്കാന്‍ കഴിയും-അതോടൊപ്പം ആ ജീവിവര്‍ഗ്ഗത്തെ രക്ഷിക്കുകയും ചെയ്യാം,' ലാം പറയുന്നു.
എല്ലാവരും ഈ ആശയത്തെ അംഗീകരിക്കുന്നില്ല. 'ജനിതകമാറ്റം വരുത്തിയ ജീവികളെ പരിസ്ഥിതിയിലേക്ക് വിടുക - അതിലെന്തെല്ലാം തെറ്റുകള്‍ സംഭവിക്കാം?' എന്ന് അരിസോണ സര്‍വകലാശാലയിലെ ജിയോസയന്റിസ്റ്റ് കാള്‍ ഫ്‌ലെസ്സ ചോദിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനിടയില്‍ തണുപ്പിനെ അതിജീവിക്കാന്‍ കഴിവുള്ള മൃഗങ്ങളെ അവതരിപ്പിക്കുന്നത് വിനാശകരമാകാമെന്ന് പരിസ്ഥിതി വാദികളും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ആവാസവ്യവസ്ഥകള്‍ തകരുമ്പോള്‍, ജീവിവര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍, പരിസ്ഥിതി താറുമാറാകുമ്പോള്‍, സമൂലമായ ജൈവ-നൂതനാശയങ്ങള്‍ക്കായുള്ള സാമ്പത്തിക പിന്തുണ ഏറുകയാണ്. അങ്ങനെയാണ്, ഒരിക്കല്‍ വീഡിയോ ഗെയിം കമ്പനികള്‍ നിര്‍മ്മിച്ച ബെന്‍ ലാം, ഭൂമിയുടെ ഭാവി അതിന്റെ ഭൂതകാലം തിരുത്തി എഴുതുന്നതിലൂടെ സാധ്യമാകുമെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത്