
സംരംഭകത്വ രംഗത്ത് സ്വന്തം വഴി വെട്ടിത്തെളിക്കുക..അതിൽ ഏറ്റവും മികച്ച രീതിയിൽ മുന്നേറുക..ലൈംലൈറ്റിൽ നിന്നെല്ലാം മാറി നിന്ന് ലളിത ജീവിതം നയിക്കുക. സ്വന്തം സംരംഭം തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായി മാറിയ ഒരു വനിതയെക്കുറിച്ചുള്ള വിശേഷണങ്ങളാണിത്. സോഹോ കോർപ്പറേഷന്റെ സഹസ്ഥാപകയായ രാധാ വെംബുവാണ് ഈ നേട്ടത്തിന് ഉടമ. ഇവരെ കുറിച്ചുള്ള വാർത്തകൾ സജീവമാകുന്നത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 ൽ 47,500 കോടി രൂപ ആസ്തിയുമായി ഒന്നാമതെത്തിയതോടെയാണ് .
രാധ വെംബു, സഹോദരനായ ശ്രീധർ വെംബുവിനൊപ്പം 1996-ൽ മൾട്ടി-നാഷണൽ ടെക് സ്ഥാപനമായി വളർന്ന സോഹോ കോർപ്പറേഷൻ സ്ഥാപിച്ചാണ് സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് ലോകമെമ്പാടും സാന്നിധ്യമുള്ള , വിജയകരമായി ബിസിനസ്സ് ചെയ്യുന്ന സ്ഥാപനമാണ് സോഹോ. ക്ലൗഡ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറും സാങ്കേതികവിദ്യയും ഇന്റർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങളുമാണ് സോഹോയുടെ മേഖല.
മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ലളിതജീവിതം നയിക്കുകയും ചെയ്യുന്ന രാധ വെംബു 1972-ൽ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവർ പിന്നീട് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദം നേടി. 1996-ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹോദരൻ ശ്രീധർ വെംബുവിനൊപ്പം സോഹോ സ്ഥാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, രാധ വെംബു സോഹോയിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്, 47-50% ഓഹരി അവരുടെ പക്കലാണ്. സോഹോ കോർപ്പറേഷനുകൾക്ക് പുറമെ ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാർഷിക എൻജിഒയുടെ ഡയറക്ടർ കൂടിയാണ് രാധ വെംബു.