അമ്മാവന്റെ കമ്പനിയിലെ ജിഎസ്‍ടി റെയ്ഡ് അവസാനിപ്പിക്കാൻ യുവാവിന്റെ സാഹസം; വിരട്ടാനുള്ള പദ്ധതിയായിരുന്നെന്ന് മൊഴി

Published : Aug 21, 2023, 10:34 PM ISTUpdated : Aug 21, 2023, 10:47 PM IST
അമ്മാവന്റെ കമ്പനിയിലെ ജിഎസ്‍ടി റെയ്ഡ് അവസാനിപ്പിക്കാൻ യുവാവിന്റെ സാഹസം; വിരട്ടാനുള്ള പദ്ധതിയായിരുന്നെന്ന് മൊഴി

Synopsis

ഗുജറാത്തിലെ മെഹ്‍സാന ജില്ലയിലുള്ള ഉന്‍ച നഗരത്തിലെ ഒരു കമ്പനിയില്‍ ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് യുവാവ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. 

അഹ്‍മദാബാദ്: ചരക്കു സേവന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജ്യോത്സ്യന്‍ പൊലീസിന്റെ പിടിയിലായി. ഗുജറാത്തില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി 28 വയസുകാരന്‍ ഉദ്യോഗസ്ഥരെ വിളിച്ചത്. എന്നാല്‍ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയും ഇപ്പോള്‍ അഹ്‍മാദിന് സമീപം സാനന്ദില്‍ താമസിക്കുകയും ചെയ്യുന്ന ലവ്കുശ് ദ്വിവേദി എന്നിയാളെയാണ് അഹ്‍മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മെഹ്‍സാന ജില്ലയിലുള്ള ഉന്‍ച നഗരത്തിലെ ഒരു കമ്പനിയില്‍ ജിഎസ്‍ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് യുവാവ് വിളിച്ചത്. ഗാന്ധിനഗറില്‍  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തി. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധന ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നായിരുന്നു ഭീഷണി സ്വരത്തിലെ നിര്‍ദേശം.

ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് വിളിച്ചത് പുരോഹിതനും ജ്യോത്സ്യനുമായ ലവ്കുശ് ദ്വിവേദിയാണെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ സ്ഥാപനം ഇയാളുടെ അമ്മാവന്റേതാണെന്ന് കണ്ടെത്തിയത്. ഫോണ്‍ വിളിച്ച് പറയുമ്പോള്‍ ഉദ്യോഗസ്ഥര്‍ പേടിക്കുമെന്നും പരിശോധന അവസാനിപ്പിച്ച് പോകുമെന്നുമായിരുന്നു ഇയാളുടെ ധാരണ. 

ജ്യോത്സ്യനും മത ചടങ്ങുകള്‍ നടത്തുന്ന പുരോഹിതനുമായ ലവ്കുശ് ദ്വിവേദി വിഐപികള്‍ക്ക് സ്വകാര്യ സുരക്ഷാ സേവനങ്ങളും നല്‍കാറുണ്ടത്രെ. ഇത്തരത്തില്‍ രാഷ്ട്രീയക്കാരുമായി ഉണ്ടാക്കുന്ന ബന്ധം നേരത്തെയും ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Read also: മലപ്പുറത്ത് സ്ത്രീയുടെ മൃതദേഹം, ഒരു മാസം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയം; അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം