
ബെംഗളൂരു : സിംഗപ്പൂരിലെ ഏറ്റവും ഉയർന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നായ സിലിംഗോ (Zilingo) കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (CEO) അങ്കിതി ബോസിനെ സസ്പെൻഡ് ചെയ്തു. സ്ഥാപനത്തിൽ അക്കൗണ്ടിംഗ് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അങ്കിതി ബോസിന്റെ സസ്‌പെൻഷൻ. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അങ്കിതി ബോസ് നിഷേധിക്കുകയും കമ്പനിയുടെ ഈ നടപടിയെ വിമർശിക്കുകയും ചെയ്തു. മെയ് അഞ്ച് വരെയാണ് കമ്പനി അങ്കിതി ബോസിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ഇ-കൊമേഴ്‌സ് സ്ഥാപനമായ സിലിംഗോ ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻകോർപ്പറേറ്റിന്റെ സഹായത്തോടെ 150 മില്യൺ മുതൽ 200 മില്യൺ ഡോളർ വരെ ഫണ്ട് സമാഹരിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൃത്യമായ അക്കൗണ്ടിംഗ് വിവരങ്ങൾ യഥാക്രമം രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് അങ്കിതയെ പ്രതിസന്ധിയിലാഴ്ത്തി. സ്റ്റാർട്ടപ്പിന്റെ നിക്ഷേപകർ സാമ്പത്തിക രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. 2019 മുതൽ വാർഷിക സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഓഡിറ്റിങ് നടത്തിയപ്പോൾ വ്യക്തമായത്. ഇതിനെത്തുടർന്ന് നിക്ഷേപകർ എല്ലാം ആശങ്കയിലാണ്.ആയിരക്കണക്കിന് ചെറുകിട വ്യാപാരികളിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്ലാറ്റ്‌ഫോമിൽ ഇടപാടുകൾ വരുമാനം എന്നിവ രേഖപ്പെടുത്താതിരുന്നതിനെ കുറിച്ചാണ് ആശങ്ക നിലനിൽക്കുന്നത്.
എന്നാൽ ആരോപണങ്ങൾ അങ്കിത ബോസ് നിഷേധിച്ചു. കമ്പനിയിലെ ഒരു നിക്ഷേപകനെതിരെ അവർ ഉന്നയിച്ച പീഡന പരാതികളെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത് എന്നാണ് വാദം. അങ്കിതയോ അവരുടെ അഭിഭാഷകനോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് സിലിംഗോ. തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള ചെറുകിട ബിസിനസ്സുകളെ അവരുടെ സാധനങ്ങൾ ഓൺലൈനിൽ വിൽക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏഴു വർഷം മുമ്പ് സിംഗപ്പൂരിൽ ബോസും ചീഫ് ടെക്‌നോളജി ആൻഡ് പ്രൊഡക്റ്റ് ഓഫീസർ ധ്രുവ് കപൂറും ചേർന്നാണ് സിലിംഗോ സ്ഥാപിച്ചത്. ചെറുകിട വ്യാപാരികളുമായി ചേർന്ന് പ്രവർത്തിച്ചാണ് കമ്പനി ആരംഭിച്ചത്. പിന്നീട് സ്റടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. സ്ഥാപകർ ചെറുകിട വിൽപ്പനക്കാരുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ, പലർക്കും സാങ്കേതികവിദ്യയും അവശ്യ മൂലധനവും ലഭ്യമല്ലെന്ന് അവർ മനസ്സിലാക്കി. ഇതിനെ തുടർന്ന് വിയറ്റ്‌നാം അല്ലെങ്കിൽ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലെ ഫാക്ടറികളിലേക്ക് വ്യാപാരികളെ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന സോഫ്‌റ്റ്‌വെയറും മറ്റ് ഉപകരണങ്ങളും വികസിപ്പിക്കുന്നതിലേക്ക് സിലിംഗോ എത്തിച്ചേർന്നു. കൂടാതെ അതിർത്തികളിലൂടെയുള്ള സങ്കീർണ്ണമായ ഷിപ്പിംഗ് പ്രക്രിയ സുഗമമാക്കുകയും ചെയ്തു. 2018-ൽ, സിലിംഗോ ചെറുകിട വിൽപ്പനക്കാർക്ക് പ്രവർത്തന മൂലധനം നൽകുന്നതിന് ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനങ്ങളുമായി സഹകരിക്കാൻ തുടങ്ങി. 2019 ന്റെ തുടക്കത്തിൽ, സെക്വോയ, ടെമാസെക് എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് സിലിംഗോ 226 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. അതിന്റെ മൂല്യം 970 മില്യൺ ഡോളറായി ഉയർത്തി. 1 ബില്യൺ ഡോളറിനോളം ഉയർന്നാലാണ് സ്റ്റാർട്ടപ്പുകൾക്ക് യൂണികോൺ പദവി ലഭിക്കുക. അതിനുള്ള ശ്രമത്തിലായിരുന്നു പിന്നീട് കമ്പനി.
ഫാഷൻ വ്യവസായത്തിലെ മൊത്തവ്യാപാരികൾക്കും വിൽപ്പനക്കാർക്കുമുള്ള ഒരു സമ്പൂർണ്ണ വിപണിയായി വളർന്ന സിലിംഗോ കോവിഡ് പകർച്ചവ്യാധി വേളയിൽ ചെറുകിട വ്യാപാരികൾ വ്യാപാരം നിർത്തിയതോടുകൂടി പ്രതിസന്ധിയിലായിരുന്നു. ചെലവുകൾ നിയന്ത്രിക്കുന്നതിനായി നിരവധി മാര്ഗങ്ങള് തേടുകയും ചെയ്തിരുന്നു. ഇതിനായി യു.എസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ മാർക്കറ്റിംഗ്, സോഴ്‌സിംഗ്, സപ്പോർട്ട് ടീമുകളുടെ വലുപ്പം കുറച്ചതായും സിലിംഗോ വ്യക്തമാക്കിയിരുന്നു.
2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ മാർച്ച് 31 ന് അങ്കിത ബോസിനെ മൂന്ന് ബോർഡ് അംഗങ്ങളുമായി ഒരു മീറ്റിംഗിലേക്ക് വിളിക്കുകയും അക്കൗണ്ടുകളിലെ പൊരുത്തക്കേടുകളെക്കുറിച്ചും തെറ്റായ മാനേജ്മെന്റിനെക്കുറിച്ചുമുള്ള പരാതികളെ കുറിച്ച് ചോദിക്കുകയും ചെയ്തു. പിന്നീട് അന്വേഷണ സ്ഥാപനമായ ക്രോളിൽ നിന്നുള്ള രണ്ട് പേർ അങ്കിതയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ ഈ ചോദ്യം ചെയ്യലിൽ ഡയറക്ടർമാർ ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് അങ്കിത ആരോപിച്ചു.