മരിച്ചത് 1,763 പേര്‍; കാണാതായത് അയ്യായിരത്തിലധികം പേരെ

By Web TeamFirst Published Oct 7, 2018, 4:17 PM IST
Highlights

റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമി പാലു, സുലവേസി എന്നിവിടങ്ങളെയാണ് പൂര്‍ണ്ണമായും തകര്‍ത്തത്. മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെടുക്കണമെങ്കില്‍ ഒരു മാസമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്

പാലു: ഇന്തൊനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1763 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 1763 പേരുടെ മൃതദേഹമാണ് കിട്ടിയതെന്ന് ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. 

അതേസമയം ദുരന്തത്തെ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് സൂചന. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമി പാലു, സുലവേസി എന്നിവിടങ്ങളെയാണ് പൂര്‍ണ്ണമായും തകര്‍ത്തത്. ഇവിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. 

മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെടുക്കണമെങ്കില്‍ ഒരു മാസമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ഒരു വിഭാഗം ഇന്തൊനേഷ്യയില്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. സുനാമി അറിയിപ്പ് നല്‍കി, മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചതിനെതിരെയും വിമര്‍ശനങ്ങളുണ്ട്. 

ഗതാഗത സൗകര്യങ്ങള്‍ പരിപൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയാണ് പലയിടങ്ങളിലും. ഇവിടങ്ങളിലെ വാര്‍ത്താവിനിമയ സൗകര്യങ്ങളും സ്തംഭിച്ചിരിക്കുകയാണ്. പൊതുവിതരണം, ആശുപത്രികളുള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ എന്നിവയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 16 ലക്ഷത്തിലധികം പേരാണ് ഭവനരഹിതരായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ കൃത്യമായ പ്രതികരണങ്ങളോ ഇടപെടലോ ഇതുവരെ നടത്തിയിട്ടില്ല.

click me!