ശബരിമല വരുമാനം കുറഞ്ഞു:ദേവസ്വം ബോര്‍ഡിന് നൂറ് കോടി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം

By Web TeamFirst Published Jan 31, 2019, 11:18 AM IST
Highlights

ശബരിമലയിലെ വരുമാനം ഇടിഞ്ഞാല്‍ അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ധനമന്ത്രി 

തിരുവനന്തപുരം: ശബരിമല വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന തരത്തില്‍ നടന്ന വ്യാജപ്രചരണം കാരണം ശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷം നടവരവ് ഇടിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമലയിലെ വരുമാനം ഇടിഞ്ഞാല്‍ അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് സര്‍ക്കാര്‍ അനുവദിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി രൂപ സാന്രത്തികസഹായമായി നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡിനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുമായി 36 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തിരുപ്പതി മേഖലയില്‍ ശബരിമല ക്ഷേത്രത്തെ വികസിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിലേയും ഇടത്താവളങ്ങളിലേയും വികസനത്തിനായി വിവിധ പദ്ധതികളും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 

ശബരിമല വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍... 

  • നിലയ്കക്കലിലും പന്പയിലും കിഫ്ബി വഴി 147.75 കോടി പദ്ധതികള്‍ നടപ്പാക്കും
  • പന്പയില്‍ പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യപ്ലാന്‍റ സ്ഥാപിക്കാന്‍ 40 കോടി
  • നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍  5കോടി
  • നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്കായി വിരിപന്തല്‍ ഒരുക്കാന്‍ 34 കോടി രൂപ
  • എരുമേലി ഇടത്താവളത്തിന്‍റെ വികസനത്തിനായി 20 കോടി
  • പന്പയില്‍ വിരിപന്തല്‍ സ്ഥാപിക്കാന്‍ 20 കോടി
  • കീഴില്ലം ഇടത്താവളം വികസനത്തിന് 20 കോടി
  • റാന്നി വാഹനപാര്‍ക്കിംഗ് ഒരുക്കാന്‍ 5 കോടി 

ശബരിമല റോഡ് പ്രവൃത്തികള്‍ക്ക് 2016-17-ല്‍ 84 കോടി രൂപയും 2017-18 കാലയളവില്‍ 140 കോടിയും  2018-19-ല്‍ 200 കോടിയും അനുവദിച്ചിട്ടുണ്ടെന്നും ശബരിമല പാതയായി നിശ്ചയിച്ച മറ്റു റോഡുകളുടെ നവീകരണത്തിന് 200 കോടി രൂപ മാറ്റിവയ്ക്കുന്നതായും ബജറ്റില്‍ ധനമന്ത്രി  പ്രഖ്യാപിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിലേക്കായി സര്‍ക്കാര്‍ 65 കോടിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി 17 കോടി രൂപയും ചിലവാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് അറിയിച്ചു. 

click me!