എരഞ്ഞോളി മൂസ മരിച്ചെന്ന വ്യാജ പ്രചരണം; മുഴപ്പിലങ്ങാട് സ്വദേശി അറസ്റ്റില്‍

By Web TeamFirst Published Jan 31, 2019, 10:56 AM IST
Highlights

ഇന്നലെ വൈകുന്നേരം മുതലാണ് എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചു തുടങ്ങിയത്. തലശ്ശേരി ടൗണിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.     

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്‍കീറി(38)നെയാണ് തലശ്ശേരി ടൗണ്‍ സി ഐ, എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഷല്‍കീറിനെ പൊലീസ് കണ്ടെത്തിയത്. പിടിയിലായ യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ വൈകുന്നേരം മുതലാണ് എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചു തുടങ്ങിയത്. തലശ്ശേരി ടൗണിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.     

മരിച്ചെന്ന് വ്യാജ പ്രചരണം; ജീവിച്ചിരിപ്പുണ്ടെന്ന് വീഡിയോയുമായി എരഞ്ഞോളി മൂസ

'ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി' എന്ന് തുടങ്ങുന്ന സന്ദേശമാണ് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചത്. നിരവധി പേര്‍ ഇത് പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട എരഞ്ഞോളി മൂസ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും ആരാധകരെ അറിയിച്ചു. 

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താന്‍ ജീവനോടെയുണ്ടെന്ന വിവരം മൂസ ആളുകളെ അറിയിച്ചത്. വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കണെമെന്നും വീഡിയോയില്‍ പറയുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് പിടികൂടിയത്.

"

click me!