
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയിലേക്ക്. സാമ്പത്തിക ബാധ്യത പറഞ്ഞാണ് പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനിടെ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും പുതിയവ വാങ്ങണമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും ധനകാര്യ പരിശോധനാ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയില്ല. സമഗ്ര ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ആംബുലന്‍സുകള്‍ വാങ്ങുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഇപ്പോള്‍ നിരത്തിലുള്ള 43 ആംബുലന്‍സുകളില്‍ 11 എണ്ണം ഓടാനാകാത്ത സ്ഥിതിയിലാണ്. മറ്റുള്ളവ എപ്പോള്‍ വേണമെങ്കിലും കിതച്ചു നില്‍ക്കാം. അഞ്ചുവര്‍ഷത്തിലേറെയായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും പലതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാനിടയില്ലെന്നും വ്യക്തമാക്കി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ധനകാര്യ പരിശോധനാ വിഭാഗവും ഇതേ നിലപാടാണെടുത്തത്. എന്നാല്‍ കത്ത് കൈമാറി മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് നടപടി എടുത്തിട്ടില്ല. പകരം ആംബുലന്‍സുകള്‍ ഉണ്ടാകില്ലെന്നും ഉറപ്പായി. പുതിയതായി വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്ന 570 ആംബുലന്‍സുകളും വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
287 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്കും 283 പേഷ്യന്‍റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകളുമാണ് വാങ്ങാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നത്. ഇതിനായി 50 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. സംസ്ഥാന വിഹിതം കൂടി നല്‍കിയാലേ ആംബുലന്‍സുകള്‍ വാങ്ങാനാകൂ. എന്നാല്‍ ഇതിനായി പണം മുടക്കാനില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പൈലറ്റ് പദ്ധതിയായി നടപ്പാക്കിയ 43 ആംബുലന്‍സുകള്‍ നിരത്തിലിറക്കിയപ്പോള്‍ കനത്ത നഷ്‌ടമുണ്ടായെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ധനവകുപ്പ് ഉടക്കിട്ടതോടെ പദ്ധതി താല്‍കാലികമായി ഉപേക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്. പകരം 128 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതി പ്രകാരം അഡ്വാന്‍സ്ഡ് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ വാങ്ങുന്നുണ്ടെന്നാണ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam