കശ്‌മീരില്‍ മഞ്ഞുവീഴ്‌ച: 11 സൈനികര്‍ ഉള്‍പ്പടെ 15 പേര്‍ മരിച്ചു

By Web DeskFirst Published Jan 26, 2017, 11:45 AM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ നാലുതവണ മഞ്ഞുമല ഇടിഞ്ഞുവീണ് 11 സൈനികരടക്കം 15 പേര്‍ മരിച്ചു. മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് സൈനികര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. മഞ്ഞുമലയിടിഞ്ഞുവീണ് സൈനികര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

കശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറില്‍ സൈനിക ക്യാംപിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണു. കരസേനാ ഓഫിസര്‍ ഉള്‍പ്പെടെ ആറുപേര്‍ ഇന്നലെ മരിച്ചിരുന്നു. ഇന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കൂടി കിട്ടിയതോടെയാണ് മരണസംഖ്യ കൂടി. ഗുരെസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തില്‍ വീടിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു സൈനികന്റെ കടുബത്തിലെ നാലു പേര്‍ മരിച്ചിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞു വീഴ്ചയും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരുടെ മേല്‍ക്കും മഞ്ഞ് മല ഇടിഞ്ഞു വീണു. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍–ജമ്മു ദേശീയപാത മൂന്ന് ദിവസമായി അടഞ്ഞ് കിടക്കുകയാണ്. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചു. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞ് വീഴ്ച്ചയില്‍ താഴ് വരയിലെ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയിലെത്തി. കുപ്‌വാര, ഉറി, മാച്ചില്‍ എന്നീ മേഖലകളിലും മഞ്ഞ് വീഴ്ച്ചാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

click me!