
റിപ്പബ്ലിക്ക് ദിന ആഘോഷത്തിന് മുഖ്യ അതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ഖണ്ഡികയാണ് ഇരു രാജ്യങ്ങളും ഇന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഭീകരവാദത്തിനെതിരെയുള്ള പരാമര്‍ശത്തിനായി മാറ്റി വെച്ചിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അനുവദിക്കില്ല. സര്‍ക്കാര്‍ സംവിധാനത്തിന് ബാഹ്യമായ ശക്തികളെ ഭീകരവാദം ആയുധമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാജ്യങ്ങള്‍ക്കുണ്ടെന്ന് പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രസ്താവന വ്യക്തമാക്കുന്നു.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംസ്കാരവും സഹിഷ്ണുതയും വേണമെന്നും ഇന്ത്യയും യു.എ.ഇയും ഇതിന് ഉത്തമ മാതൃകകളാണെന്നും പ്രസ്താവന പറയുന്നു. ഭീകരവാദത്തിന് ധനസഹായം കിട്ടുന്ന ശൃംഖലകളേയും നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട്, ദാവൂദ് സംഘം ഉള്‍പ്പെടെയുള്ള മാഫിയ സംഘത്തിനെതിരെ ഇന്ത്യന്‍ നീക്കങ്ങളെ പിന്തുണയ്‌ക്കുമെന്ന സൂചന യു.എ.ഇ നല്‍കി. ഭീകരവാദികള്‍ക്ക് നല്‍കുന്ന സുരക്ഷിത താവങ്ങളും സങ്കേതങ്ങളും ഇല്ലായ്മ ചെയ്യുമെന്നും സൈനിക രംഗത്ത് കൂടുതല്‍ സഹകരിക്കുമെന്നും ഇന്ത്യയും യു.എ.ഇയും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിന് കിരീടാവകാശി നല്‍കുന്ന സഹായത്തിന് മോദി നന്ദി പ്രകടപ്പിച്ചപ്പോള്‍ പ്രവാസികളുടെ സംഭാവനയെ ശൈഖ് മുഹമ്മദ് പ്രകീര്‍ത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam