
തിരുവനന്തപുരം: ചേര്‍ത്തല സ്വദേശിനിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുമായ ബിന്ദു പത്മനാഭന്റെ ദൂരൂഹമായ തിരാധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. മൂന്ന് സംഘങ്ങളായി 13 വര്‍ഷമായി പൊലീസ് അന്വേഷണം തുടരുമ്പോഴും ഒരു തുമ്പും ലഭിക്കാത്തതിനിടെ ഒരു യുവതി ചേര്‍ത്തല കോടതിയില്‍ കീഴടങ്ങി. ബിന്ദുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയനുമായി അടുത്ത ബന്ധമുള്ള മിനി എന്ന യുവതിയാണ് ചേര്‍ത്തല കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്‍ ഒളിവിലാണ്.
ബിന്ദു വിദേശത്തുവെച്ച് മരിച്ചെന്ന് സെബാസ്റ്റ്യന്‍ തന്നോട് പറഞ്ഞിരുന്നതായാണ് മിനി വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്ദുവായി അഭിനയിച്ച് സെബാസ്റ്റ്യനൊപ്പം വ്യാജരേഖകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വില്‍പ്പന നടത്തുകയും ചെയ്തതായാണ് മിനി മൊഴി നല്‍കിയത്. തിരോധാനത്തിന് ശേഷം യുവതിയുടെ വസ്തുവകകള്‍ തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ തന്നെ ഉപയോഗിച്ചുവെന്ന് മൊഴി നല്‍കിയാണ് മിനി കഴിഞ്ഞ ദിവസം ചേര്‍ത്തല കോടതിയില്‍ കീഴടങ്ങിയത്. ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും ബിന്ദുവെന്ന വ്യാജേന സെബാസ്റ്റ്യന്‍ കെട്ടിച്ചമച്ചതായാണ് മിനി പറയുന്നത്.
ബിന്ദുവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചതാണ്. അച്ഛന്‍ പത്മനാഭന്‍ എക്സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സഹോദരന്‍ പ്രവീണ്‍ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവിലും ചെന്നെയിലും മാറി താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2005 ല്‍ ബിന്ദുവിനെ കാണാതാകുന്നത്. വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ ഭൂമി പലപ്പോഴായി സെബാസ്റ്റ്യന്‍ വിറ്റതായി പ്രവീണ്‍ മനസ്സിലാക്കിയത്.
ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വില്‍പ്പന നടത്തിയന്ന് കാണിച്ച് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ പരാതി നല്‍കി. ഇടപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല, ആലപ്പുഴ തുടങ്ങി വിവിധ രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലും ബിന്ദുവിന് ഭൂമിയുണ്ടായിരുന്നു. ബിന്ദുവിന്റെ തിരോധാനത്തില്‍ പ്രവീണ്‍ മുമ്പും പരാതികള്‍ നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം ഊര്‍ജിതമായിരുന്നില്ല. കേസില്‍ മൂന്ന് സംഘങ്ങളായി പൊലീസ് കാലങ്ങളായി അന്വേഷണം നടത്തുന്നുണ്ട്.
ഭൂമി ഇടപാടുകള്‍ക്കും ബിന്ദുവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനും സെബാസ്റ്റ്യന്‍ വ്യാജ രേഖകള്‍ ഉപയോഗപ്പെടുത്തിയ കാര്യങ്ങള്‍ ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ബിന്ദുവിന്റെ തിരോധാനത്തെ സംബന്ധിച്ച അന്വേഷണം നടത്തുന്നത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ്. സംഭവത്തിലെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നിട്ടുണ്ട്. ബിന്ദുവിന്റെ വസ്തുവകകള്‍ സെബാസ്റ്റിയന്‍ സ്വന്തമാക്കിയതിലെ കൃത്രിമത്വം വ്യക്തമായിട്ടും പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെആര്‍ രൂപേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ബിന്ദുവിന്റെ തിരോധാനത്തില്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയിരുന്നില്ല. ഹൈക്കോടതിയിലെ അഡ്വക്കേറ്റിന് ഇതുസംബന്ധിച്ച ഫയലുകള്‍ കൈമാറിയിട്ടുണ്ട്. ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ 2017ല്‍ വീണ്ടും പരാതിയുമായി മുന്നോട്ട് വന്നപ്പോഴാണ് സംഭവത്തില്‍ സെബാസ്റ്റ്യനു പങ്കുണ്ടെന്ന കാര്യം പുറത്തു വരുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി സിബിഐ അന്വേഷണം ആവശ്യപ്പടാനാണ് ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം'- കെആര്‍ രൂപേഷ് പ്രതികരിച്ചു.
ബിന്ദുവും സെബാസ്റ്റ്യനുമായി അടുത്ത് പരിചയമുള്ള പള്ളിപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനോജിനെ ജൂണ്‍ 24ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മൊഴിയെടുക്കാന്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന പൊലീസ് നിര്‍ദേശം കിട്ടിയതിനു പിന്നാലെയാണ് മനോജിനെ മിരിച്ച നിലയില്‍ കണ്ടത്. മനോജിന്റെ മരണത്തില്‍ ഭാര്യ സംശയം ഉന്നയിക്കുകയും സെബാസ്റ്റ്യനില്‍ നിന്നുള്ള സമ്മര്‍ദ്ദത്താലാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ബിന്ദുവും സെബാസ്റ്റ്യനുമായുള്ള ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരായ രണ്ടു പേര്‍ നിലവില്‍ റിമാന്റിലാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള ഭൂമി ഇടപാടുകള്‍ക്കാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam